കെട്ടിടത്തിനു മുകളിൽ തലയോട്ടി, ഡോക്ടർമാരുടെ വിലാസം ശേഖരിക്കുന്നു; അന്വേഷണം

representative image

മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ വടക്കേമങ്കുഴി ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിനു മുകളിൽ മനുഷ്യന്റെ തലയോട്ടി കാണപ്പെട്ട സംഭവത്തിൽ ആശുപത്രിയിൽ മുൻപു ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ വിലാസം പൊലീസ് ശേഖരിക്കുന്നു. തലയോട്ടിയിൽ പലയിടത്തും സ്കെച്ച് പേന കൊണ്ടുള്ള അടയാളങ്ങൾ ഉണ്ടായിരുന്ന‌തിനാൽ മെഡിക്കൽ വിദ്യാർഥികൾ പഠിക്കാൻ ഉപയോഗിച്ചതാകാമെന്ന നിഗമനത്തെത്തുടർന്നാണു ഡിസ്പെൻസറിയിൽ മുൻപു ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ വിലാസം പൊലീസ് ശേഖരിക്കുന്നത്. 

എന്നാൽ താൽക്കാലികമായി ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ വിശദാംശങ്ങൾ ആശുപത്രിയിൽ ലഭ്യമല്ലെന്നു കുറത്തികാട് എസ്ഐ എ.സി.ബിപിൻ പറഞ്ഞു. പഠിച്ചതിനു ശേഷം ഏതോ മെഡിക്കൽ വിദ്യാർഥി പഠിച്ച തലയോട്ടി  കെട്ടിടത്തിനു മുകളിൽ ഉപേക്ഷിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. തലയോട്ടി തുടർപരിശോധനക്കായി ഇന്നലെ അയച്ചു.