കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട, രണ്ടു പേർ അറസ്റ്റിൽ

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി എത്തിച്ച മൂന്നരക്കിലോയിലേറെ കഞ്ചാവ് പൊലീസ് പിടികൂടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപത്തുനിന്ന് കഞ്ചാവ് പിടികൂടിയത്.  

കോഴിക്കോട് സ്വദേശികളായ സോഹന്‍, റാഷിദ് അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ നേരത്തെയും ലഹരിമരുന്നു കടത്തുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. 

ഏതാനും ദിവസം മുന്‍പ് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവ് കൊച്ചിയില്‍ പിടികൂടിയിരുന്നു. തിരഞ്ഞെടുപ്പടുത്തതോടെ ലഹരിവസ്തുക്കളും കള്ളപ്പണവും കടത്താന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നതായി പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരാനാണ് പൊലീസിന്റെ തീരുമാനം.