വസ്ത്രങ്ങൾ നിറച്ച ബാഗിൽ 15 കിലോ കഞ്ചാവ്; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട.  നല്ലളം സ്വദേശിയായ യുവാവിൽ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവെന്ന്  പ്രതി മൊഴി നൽകി. 

ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്.  26കാരനായ യാസർ അറാഫത്ത് കഞ്ചാവുമായി ട്രെയിനിൽ വന്നിറങ്ങിയ ശേഷം ബസ്സിൽ പാളയം സ്റ്റാൻഡിലെത്തി.  ഇടപാടുകാരനെ കാത്തുനിൽക്കുന്നതിനിടെയാണ് കസബ പൊലീസിന്റെ വലയിലായത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.  വസ്ത്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ബാഗിലാക്കിയാണ് 15 കിലോഗ്രാം കഞ്ചാവ് എത്തിച്ചത്.  ഇതിന് അഞ്ച് ലക്ഷം രൂപ വിലവരും.

ഇടനിലക്കാരനാണ് യാസർ.  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് എന്നാണ് പ്രതിയുടെ ആദ്യ മൊഴി.  പ്രധാന ഇടപാടുകാരന് കൈമാറുന്നതോടെ യാസറിന്റെ ജോലി കഴിഞ്ഞു.  ഈ ഇടപാടുകാരാണ് ചില്ലറ വിൽപ്പനക്കാരിലേക്ക് കഞ്ചാവ് എത്തിക്കുക.  അവർ വിദ്യാർത്ഥികളടക്കമുള്ള വർക്ക് കൂടിയ വിലയ്ക്ക് നൽകും.  മുമ്പും ഇത്തരത്തിൽ ഇയാൾ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ  അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.