പാലക്കാട്ട് വൻ ലഹരി വേട്ട

പാലക്കാട്ട് വൻ ലഹരി വേട്ട. ട്രെയിനിൽ കടത്തിയ ഒന്നേകാൽ ടൺ നിരോധിത പാൻമസാല ഒലവക്കോട് റെയിൽ സ്റ്റേഷനിൽ പിടികൂടി. റെയിൽവേ സംരക്ഷണ സേനയും എക്സൈസുമാണ് പരിശോധന നടത്തിയത്. 

ഡൽഹിയിൽ നിന്ന് പാലക്കാട്ടേക്ക് ട്രെയിനിൽ പാഴ്സലാക്കി അയച്ചതായിരുന്നു ലഹരി വസ്തുക്കൾ. 25 ചാക്കുകളിൽ അതിഭദ്രമായിട്ടാണ് പാൻമസാല പായ്ക്കറ്റുകൾ. കേരള എക്സ്പ്രസിൽ പാലക്കാട്ട് എത്തിച്ച ലഹരി വസ്തുക്കൾ റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്.

വിശദമായ പരിശോധനയ്ക്ക് എക്സൈസും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ആർക്കു വേണ്ടി ആരാണ് ഡൽഹിയിൽ നിന്ന് പാൻമസാല അയച്ചതെന്ന് വ്യക്തമല്ല. സ്ഥിരമായി റെയിൽവേയിലെ പാഴ്സൽ സർവീസുകളെ ഉപയോഗിക്കുന്ന സംഘം ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. പിടികൂടിയ ലഹരി വസ്തുക്കൾക്ക് 30 ലക്ഷം രൂപ വില വരും.