ഫുട്ബോള്‍ മല്‍സരത്തിനിടെ ഗ്യാലറി തകര്‍ന്നു; 30 പേർക്ക് പരിക്ക്

കോഴിക്കോട് കടലുണ്ടിയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ താല്‍ക്കാലിക ഗ്യാലറി തകര്‍ന്ന് വീണ് മുപ്പതുപേര്‍ക്ക് പരുക്ക്. പാടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച ഗ്യാലറികള്‍ ഒരുവശത്തേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കടലുണ്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.    

അര്‍ബുദ രോഗികളുടെ ചികില്‍സ ധനസഹായത്തിനാണ് കടലുണ്ടി സന്ധ്യ ക്ലബ്ബ് മല്‍സരം സംഘടിപ്പിച്ചത്. കലാശപ്പോരാട്ടമായതിനാല്‍ സ്റ്റേഡിയം നിറഞ്ഞ് കാണികളുണ്ടായിരുന്നു. ഒന്‍പത് മണിയോടെ സ്റ്റേഡിയത്തിന്റെ വലതുഭാഗത്തെ താല്‍ക്കാലിക ഗ്യാലറി ഒരുവശത്തേക്ക് മറിയുകയായിരുന്നു.  

എഴുപതിലധികം കാണികള്‍ അടിയില്‍പ്പെട്ടു. മറുഭാഗത്തുണ്ടായിരുന്നവരും സംഘാടകരും ചേര്‍ന്ന് താല്‍ക്കാലിക ഗ്യാലറി ഉയര്‍ത്തിയാണ് മുഴുവന്‍ ആളുകളെയും പുറത്തെത്തിച്ചത്. വന്‍ അത്യാഹിതം തലനാരിഴയ്ക്കാണ് വഴിമാറിയത്. 

പരുക്കേറ്റ ഭൂരിഭാഗമാളുകളുടെയും എല്ലിന് പൊട്ടലുണ്ട്. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റതുള്‍പ്പെടെ  പതിനൊന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കടലുണ്ടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികില്‍സയിലാണ്.