മറയൂരിൽ 20 കിലോ ചന്ദനം പിടികൂടി; ഒരാൾ അറസ്റ്റിൽ

വില്‍പനക്കായി ചന്ദനം ഒരുക്കുന്നതിനിടയില്‍ മറയൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ പിടിയില്‍. രണ്ടുപേര്‍ ഓടി രക്ഷപെട്ടു. വനം വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ചന്ദന മോഷ്ടാക്കൾ പിടിയിലായത്.

രഹസ്യ കേന്ദ്രത്തില്‍ ഒളിച്ച് താമസിച്ച് വില്‍പനക്കായി ചന്ദനം ചെത്തിയൊരുക്കുന്നതിനിടയിലാണ്  ഒരാള്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപെട്ടു. കൊല്ലമ്പാറ സ്വദേശി കൃഷ്ണന്‍ ആണ് പിടിയിലായത്. മറയൂർ കൊല്ലമ്പാറയിലെ ആള്‍താമസമില്ലാത്ത ഒറ്റപെട്ട പ്രദേശത്തെ വീട്ടില്‍ ചന്ദന വില്‍പന നടക്കുന്നുവെന്ന് വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഓഫിസരിന്റെ  നേതൃത്വത്തില്‍  നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്.

ചന്ദനത്തിന്റെ കാതല്‍ വില്‍പനക്കായി ചെത്തി ഒരുക്കുന്നതിനിടെയാണ്  മറയൂർ സ്വദേശി  കൃഷ്ണന്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 20 കിലോ ചന്ദനവും മരംമുറിക്കാനുപയോഗിച്ച ആയുധങ്ങളും പിടികൂടി. മേഖലയിലെ ചന്ദന റിസര്‍വുകളില്‍ നിന്നും സ്വകാര്യ ഭൂമികളില്‍ നിന്നും ചന്ദനം മുറിച്ച് കടത്തി വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.  ഓടി രക്ഷപെട്ട പ്രതികളെപ്പറ്റിയും  ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചന്ദന കൊള്ള സംഘത്തെ സംബന്ധിച്ചും  വിവരം ലഭിച്ചതായി വനം വകുപ്പ് അറിയിച്ചു.