നോട്ട് നിരോധനത്തിനു പിന്നാലെ ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയത് 60 ലക്ഷം; ഗായിക പിടിയിൽ

നോട്ട് അസാധുവാക്കൽ സമയമത്ത് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ഗായിക പിടിയിൽ. 2016 ൽ നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇരുപത്തിയേഴുകാരിയായ ഗായിക ഷിഖ രാഘവ് ഹരിയാനയിലെ മുൻ സർക്കാർ‌ ഉദ്യോഗസ്ഥനെ പറ്റിച്ച് 60 ലക്ഷം രൂപ കൈക്കലാക്കിയത്. 

2016ൽ രാംലീല മൈതാനത്തു നടന്ന ഒരു ചടങ്ങിൽ വച്ചാണു ഷിഖയും സുഹൃത്ത് പവനും ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലിന്റെ സമയത്ത് പഴയ നോട്ടുകൾ മാറി പുതിയ നോട്ട് നൽകാമെന്ന് അവർ ഉദ്യോഗസ്ഥനെയും കുടുംബാംഗങ്ങളെും വിശ്വസിപ്പിച്ചു. 

ഇത്തരത്തിൽ ലഭിച്ച പണവുമായി ഷിഖയും സുഹൃത്തും രക്ഷപെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പവനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒളിവിലായിരുന്ന ഷിഖയെ രണ്ടുവര്‍ഷത്തിനുശേഷമാണ് പിടിച്ചത്. ഹരിയാനയില്‍ നിന്നു കസ്റ്റഡിയിലെടുത്ത ഷിഖയെ ഡല്‍ഹിയിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് ഷിഖയുടെ ഒളിത്താവളത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. ഷിഖയിൽ നിന്ന് തട്ടിയെടുത്ത പണം ഇതു വരെ കണ്ടെടുക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.