അങ്കണവാടി കുത്തിത്തുറന്നു; കുട്ടികളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് 6 രൂപ കവര്‍ന്നു..!

കാഞ്ഞിരപ്പള്ളിയിൽ അങ്കണവാടി കുത്തിത്തുറന്ന് കുട്ടികളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് ആറു രൂപ മോഷ്ടിച്ചു. പാറത്തോട് പഞ്ചായത്ത് ഏഴാം വാർഡിൽ ഇടക്കുന്നം രണ്ടാം മുക്കാലിയിലെ 27–ാം നമ്പർ അങ്കണവാടിയിലാണ് ബുധൻ രാത്രി മോഷണം നടന്നത്. മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിൻവാതിലിന്റെ താഴു പൊട്ടിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. മേശവലിപ്പിലെ താക്കോലെടുത്ത് അലമാരകൾ തുറന്നു.

കുട്ടികൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുടുക്ക പൊട്ടിച്ചാണ് ആകെയുണ്ടായിരുന്ന ആറ് രൂപയുടെ നാണയം കവർന്നത്.  രാവിലെ അയൽവാസികളാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പൊലീസ് അന്വേഷണം ആരംഭിച്ചു.