ചന്ദനക്കടത്ത്: കുപ്രസിദ്ധ മോഷ്ടാവ് ആനന്ദരാജുമായി തെളിവെടുപ്പ് നടത്തി

മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ ചന്ദനമോഷണം നടത്തിയതിന് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് ആനന്ദരാജുമായി മറയൂരില്‍ തെളിവെടുപ്പ് നടത്തി. കാറിനുള്ളില്‍ ചന്ദനം കടത്താന്‍ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ആനന്ദരാജില്‍ നിന്ന് ചന്ദനമോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.

ദിണ്ടുകൊമ്പ് സ്വദേശി ആനന്ദരാജ് ചന്ദനക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്നാണ് സൂചന. ഈ മാസം 18 ാം തീയതി കാറിനുള്ളില്‍ നിര്‍മിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ച് തമിഴ്‌നാട് വഴി പാലക്കാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച 85 കിലോ ചന്ദനം കണ്ടെത്തിയിരുന്നു. ചിന്നാര്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

ആനന്ദരാജിനെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍വെച്ച് പിടികൂടിയതിനാല്‍ പ്രതിയെ  ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. 

എന്നാല്‍ ചന്ദനം മോഷ്ടിക്കപെട്ടത് മറയൂര്‍ കാന്തല്ലൂര്‍ ചന്ദന ഡിവിഷന്റെ പരിതിയിലും സ്വകാര്യ ഭൂമിയിലുമായതിനാലാണ്  കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫിസറിന്റെ നേതൃത്വത്തില്‍ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതി ചന്ദനം മുറിച്ച സ്ഥലവും ഒളിപ്പിച്ച് വച്ച സ്ഥലവും കാണിച്ച് കൊടുത്തു. കൂടാതെ ചന്ദനം വിലക്ക് വാങ്ങിയവരെക്കുറിച്ചു മൊഴിനല്‍കി.