ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു ലക്ഷം രൂപയും കാറും; ചുരുളഴിച്ച് പൊലീസ്

വയനാട് മീനങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു ലക്ഷം രൂപയും കാറും കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കാര്‍ അക്രമി സംഘം തട്ടിയെടുക്കുകയാണെന്നും രഹസ്യ അറയില്‍ സൂക്ഷിച്ച ഇരുപത് ലക്ഷം അപഹരിച്ചെന്ന പരാതിയുമായി സ്വര്‍ണവ്യാപാരികളായ മഹാരാഷ്ട്ര സ്വദേശികള്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് വയനാട് മീനങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കണ്ടെത്തിയത്.ചില്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു.പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അഞ്ച് ലക്ഷം രൂപ കാറിനുള്ളില്‍ നിന്നും കണ്ടെത്തി.ഇതോടെ പിന്നില്‍ കുഴല്‍പ്പണസംഘമാണെന്ന സംശയം ബലപ്പെട്ടു.മഹാരാഷ്ട്ര സ്വദേശി ദാദ എന്ന ബാബുവാണ് കാറിനും പണവും തന്റേതാണെന്ന് പറഞ്ഞ് ഇന്ന് പൊലീസില്‍ പരാതി നല്‍കിയത്.അവര്‍ പൊലീിസിനോട് പറയുന്ന കഥയിങ്ങനെ. ബംഗളൂരുവില്‍ ആഭരണം വിറ്റ് വടകരയിലേക്ക് മടങ്ങുകയായിരുന്നു ദാദയും കൂട്ടുകാരനും ഇരുപത്തഞ്ച് ലക്ഷം രൂപ കാറിന്റെ രഹസ്യഅറകളിലാക്കി സൂക്ഷിച്ചിരുന്നു. അഞ്ഞൂറിന്റെ കെട്ടുകളായിട്ടായിരുന്നു പണം.

ശനിയാഴ്ച രാവിലെ ആറ് മണിയോടെ മാനന്തവാടി കാട്ടിക്കുളത്ത് വെച്ച് ഇന്നോവ കാറിലെത്തിയ പതിനഞ്ച് പേരടങ്ങിയ സംഘം വാഹനം അപകടത്തില്‍പ്പെടുത്തി തട്ടിയെടുത്തു. ദാദയെയും കൂട്ടുകാരനെയും വഴിയില്‍ ഉപേക്ഷിച്ചു.രഹസ്യഅറകള്‍ കുത്തിത്തുറന്ന് ഇരുപത് ലക്ഷം രൂപ അപഹരിച്ചെന്നും വ്യാപാരികള്‍ പറയുന്നു. പക്ഷെ രഹസ്യ അറയില്‍ വെച്ച അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തവര്‍ക്ക് കണ്ടെത്താനായില്ല.ഈ പണവും കാറും മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.എന്നാല്‍ ഈ  കഥ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതു മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെങ്കിലും സംഭവം നടന്നതു കാട്ടിക്കുളത്തായതിനാല്‍ കേസ് തിരുനെല്ലി പൊലീസാണ് അന്വേഷിക്കുന്നത്.