വാഹനങ്ങളെ പിന്തുടർന്ന് ഭീഷണി, പിന്നാലെ കവർച്ച; സംഘം പിടിയിൽ

ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ബിപിന്‍,അനീഷ് എന്നിവരാണ് പിടിയിലായത്. ദമ്പതികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പിന്തുടര്‍ന്നു ഭീക്ഷണിപ്പെടുത്തിയാണ് ഇവര്‍ പണംതട്ടുന്നത്.

ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളെ പിന്തുടരും, പിന്നാലെ ചെന്നു ഭീക്ഷണിപ്പെടുത്തും, വാഹനത്തില്‍ അസാന്‍മാര്‍ഗിക പ്രവര്‍ത്തികള്‍ നടന്നുവെന്നു നാട്ടുകാരെ വിളിച്ചറിയിക്കും എന്ന ഭീക്ഷണിയാണ് ഉയര്‍ത്തുന്നത്. ഇതോടെ പലരും ഭീക്ഷണിക്ക് വഴങ്ങുമെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പണം ആവശ്യപ്പെടും. പണം കയ്യിലില്ലാത്തവരെങ്കില്‍ എ.ടി.എം കാര്‍ഡും പിന്‍ നമ്പരും ചോദിച്ചശേഷം പണമെടുക്കും.  മാനഹാനി ഭയന്നു പൊലീസില്‍ പരാതിപ്പെടാറുമില്ല. 

സ്ഥിരം പ്രവൃത്തിയായതോടെ ഇരയായ പലരും ദേശീയ പാതക്ക് സമീപമുള്ള സ്റ്റേഷനുകളില്‍ പേരു വെളിപ്പെടുത്താതെ വിളിച്ചറിയിക്കും. ഏറ്റവുമൊടുവില്‍ കൊല്ലം സ്വദേശികളായ കമിതാക്കളെ ഭീക്ഷണിപ്പെടുത്തിയതോടെ പരാതിയുമായി പേട്ട പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പേര് വെളിപ്പെടുത്തരുതെന്നു ആവശ്യപ്പെട്ടാണ് ഇവരും പരാതി നല്‍കിയത്. ഇതോടെയാണ് ബിപിനും, അനീഷും പിടിയിലാവുന്നത്. അനീഷ് തിരുവനന്തപുരം ചെമ്പകമംഗലം സ്വദേശിയും, അനീഷ് മണക്കാട് സ്വദേശീയുമാണ്. ഇരുവരില്‍ നിന്നും നിരവധി മൊബൈലുകളും,സിംകാര്‍ഡും,പെന്‍ ഡ്രൈവും, മെമ്മറി കാര്‍ഡും, വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.