വിചിത്രരൂപത്തിൽ മുറി, ഉച്ചത്തിൽ പാട്ട്; കൗമാരക്കാരുടെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം

വയനാട്ടില്‍ രണ്ട് കൗമാരക്കാര്‍ ആത്മഹത്യചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. സോഷ്യല്‍ മീഡിയയിലെ ആത്മഹത്യയ്ക്ക് പ്രേരണ നല്‍കുന്ന പേജുകള്‍ ജീവനൊടുക്കുന്നതിന് ഒരു ഘടകമായി എന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടികളുടെ കൂട്ടുകാരിലൊരാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ വിചിത്ര രൂപത്തില്‍ അലങ്കരിച്ച മുറി മലപ്പുറത്തുള്ളതാണെന്നും ദുരൂഹതകളില്ലെന്നും തെളിഞ്ഞു. കുട്ടികള്‍ നടത്തിയ വലിയ സാമ്പത്തിക ഇടപാടുകളും മറ്റ് കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഷമ്മാസ് ,മുഹമ്മ് ഷെബില്‍ എന്നിവരാണ് ഒരു മാസത്തിനിടെ ജീവനൊടുക്കിയത്. കുട്ടികള്‍ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന പേജുകള്‍ പിന്തുടര്‍ന്നതായി കണ്ടെത്തിയിരുന്നു. ആത്മഹത്യചെയ്യുമെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളും മരിക്കുന്നതിന് മുമ്പ് കുട്ടികള്‍ ഇട്ടിരുന്നു. 

ഉച്ചത്തില്‍ പാട്ടുവെച്ചതിന് ശേഷമായിരുന്നു ഇരുവരും മരിച്ചത് എന്നതും സമാനതകളായിരുന്നു. കല്‍പറ്റ ഡി.വൈഎസ്.പി യുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ് കൂടുതല്‍ സിഐ മാരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയത്. നിര്‍ണായകമാകുന്ന ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല.

ഇവരുടെ കൂട്ടുകാരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ വിചിത്രരീതിയില്‍ അലങ്കരിച്ച ഒരു ഫോട്ടോ ലഭിച്ചിരുന്നു. ഇത് വയനാട്ടില്‍ കുട്ടികള്‍ ഒത്തുകൂടുന്ന മുറിയാണെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ദുരൂഹതയില്ലെന്നും മലപ്പുറം കുറ്റിപ്പുറത്തെ മുറിയാണെന്നും തെളിഞ്ഞു. കുട്ടികളുടെ യാത്രകള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധിക്കുന്നുണ്ട്.

ജീവനൊടുക്കിയ കുട്ടികള്‍ക്ക് സമപ്രായക്കാരായ പതിനാല് കൂട്ടുകാരുണ്ട്.  ഇവരില്‍ ചിലര്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് വാങ്ങി മറിച്ചുനല്‍കുന്ന ശീലമുണ്ട്. വലിയ സാമ്പത്തിക ഇടപാടുകള്‍ കുട്ടികള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.