സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സ്പിരിറ്റ് കച്ചവടം; ഒരാള്‍ കൂടി അറസ്റ്റില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട സ്പിരിറ്റു കടത്തുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന കൊല്ലം തഴവ എവിഎച്ച്എസ് ബ്രാഞ്ച് സെക്രട്ടറി അന്‍സാറിനായുള്ള തിരച്ചില്‍ എക്സൈസ് സംഘം ഊര്‍ജിതമാക്കി. സ്പിരിറ്റ് കടത്തുകേസില്‍ പ്രതികളായവരെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായി ജില്ലാസെക്രട്ടറി എസ്.സുദേവന്‍ അറിയിച്ചു.

കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗത്തു കഴി‍ഞ്ഞ ദിവസം എക്സൈസ് നടത്തിയ വാഹനപരിശോധനയിടെ കാറില്‍ കടത്താന്‍ ശ്രമിച്ച  മൂന്നൂറ്റിമുപ്പത് ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. വാഹനം ഓടിച്ചിരുന്ന തഴവവടക്ക് സ്വദേശിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ രഞ്ജിത്ത് പിടിയിലായി. കാറിലുണ്ടായിരുന്ന അഖിലും എസ്കോർട്ടായി സ്കൂട്ടറില്‍ വന്ന സിപിഎം എവിഎച്ച്എസ് ബ്രാഞ്ച് സെക്രട്ടറി അൻസാറും രക്ഷപെട്ടു. തുടര്‍ന്ന് അന്‍സാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറ്റിമുപ്പത് ലിറ്റര്‍ സ്പിരിറ്റ് കൂടി കണ്ടെത്തി. അന്‍സാറിന്റെ ഭാര്യയേയും അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ചു കൊടുത്തിരുന്ന ജ്യോതിയേയും എക്സൈസ് സംഘം പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളേയും റിമാന്‍ഡ് ചെയ്തു. അതേ സമയം ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് അന്‍സാറിനേയും ര‍ജ്ഞിത്തിനേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കി