വസ്തുതർക്കം; ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

ഭാര്യമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അങ്കമാലി വേങ്ങൂര്‍ സ്വദേശിനി ഏലിയാമ്മയെ കൊലപ്പെടുത്തിയ കേസിലാണ്  കടമ്പനാടന്‍ സ്വദേശി പൗലോസിനെ കോടതി ശിക്ഷിച്ചത്.

2016 ഒക്ടോബര്‍ 11നാണ്  കേസിനാസ്പദമായ സംഭവം നടന്നത്.വസ്തുതര്‍ക്കമാണ് കൊലയ്ക്കുകാരണം. ഭാര്യയുടെയും ഭാര്യമാതാവായ ഏലിയാമ്മയുടെയും പേരിലുള്ള വസ്തുവും വീടും തന്റെപേരില്‍ എഴുതിനല്‍കാത്തതില്‍ പ്രതി പൗലോസിന് വൈരാഗ്യമുണ്ടായി. ഇരുവരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന്  പൗലോസിനതിരെ പൊലീസ് സ്റ്റേഷനിലും പരാതിയെത്തി.

സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞദിവസമാണ് പ്രതി കൊല നടത്തിയത്. ഇറച്ചിവെട്ടുകാരനായ പ്രതി  ആ കത്തി കൊണ്ടാണ് ഏലിയാമ്മയെ വെട്ടിക്കൊന്നത്. ഏലിയാമ്മയുെട  വീടിനുസമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന പ്രതി  മുറ്റമടിക്കാനായി ഇറങ്ങിയ ഏലിയാമ്മയെ വെട്ടുകയായിരുന്നു.

വടക്കന്‍ പറവൂര്‍ അഡിഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് വിധി.