ഐഎസ് ബന്ധം; തീവ്രവാദികളുമായി അടുത്തത് പഠനകാലത്ത്; മലയാളിയുടെ അറസ്റ്റ് ഇങ്ങനെ

ഐ.എസ് ബന്ധം ചുമത്തി എന്‍.ഐ.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വയനാ‍ട് സ്വദേശി നാഷിദുള്‍ ഹംസഫര്‍ തീവ്രവാദികളുമായി അടുത്തത് ബെംഗളുരുവില്‍ വെച്ച്. കഴിഞ്ഞ ആറുവര്‍ഷമായി ജന്‍മനാടുമായി ബന്ധപ്പെടാത്ത ഇയാള്‍ പഠനകാലത്താണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 

കാസര്‍ക്കോട്ടു നിന്നും 14 പേരെ ഭീകരസംഘടകളിലേക്ക് ചേര്‍ക്കാന്‍ വിദേശത്തേക്ക് കടത്തിയ സംഘത്തിലെ പതിനാറാം പ്രതിയാണ് നാഷിദുള്‍ ഹംസഫര്‍. ഈ കേസില്‍ ഭീകരസംഘനയുടെ ഭാഗമാണെന്ന് കരുതുന്ന ഒരു മലയാളിയെ ആദ്യമായിട്ടാണ് ചോദ്യം ചെയ്യാന്‍ ലഭിക്കുന്നത്.

ആറുവര്‍ഷം മുമ്പാണ് പഠനത്തിനായി ഇയാള്‍ ജന്‍മനാടായ കല്‍പറ്റ മുണ്ടേരിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയത്. അവിടെവെച്ച് ബിബിഎ എംബിഎ കോഴ്സുകള്‍ ചെയ്തു. ഇക്കാലയളവില്‍ ജന്‍മനാടുമായി ബന്ധമുണ്ടായിരുന്നില്ല. 

പിന്നീട് വിദേശത്തേക്ക് കടന്നു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ബംഗളൂരുവെച്ചാണ് ഐ എസ് ആശങ്ങളോട് അടുത്തതെന്നാണ് വിവരം. അഫ്ഗാനിന്ഥാനില്‍ അനധികൃതമായി പ്രവേശിച്ചതിനെത്തുടര്‍ന്ന് കാബൂളിലെ ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെത്തിയത്. 

നാഷിദുളിന്റെ വരവ് കാത്തിരിക്കുകയായിരുന്നു എന്‍.ഐ.എ സംഘം. അതേസമയം നാഷിദുള്‍ ഹംസഫറിന്റെ പഴയ പ്രാദേശിക ബന്ധങ്ങള്‍ കൂടി ആവശ്യമെങ്കില്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.