വീട്ടുവളപ്പിൽ കഞ്ചാവുചെടികൾ; മുറിച്ചെടുത്ത നിലയിൽ; ഉടമക്കായി അന്വേഷണം

മറയൂരിൽ വീട്ടുവളപ്പിൽ നിന്ന്  കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒന്നര വർഷം പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. വീട്ടുടമക്കായി പൊലീസ് അന്ന്വേഷണം ഊർജിതമാക്കി.

മറയൂര്‍ മരുകന്‍മലക്ക് സമീപം പട്ടത്തലച്ചി പാറയിലെ വീട്ട് വളപ്പില്‍ നിന്നാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പട്ടത്തലച്ചിപാറ സ്വദേശി ചെല്ലമുത്തുന്റെ വീടിന് പിന്‍ഭാഗത്ത് നിന്നാണ് ഏകദേശം ഒന്നര വര്‍ഷവും എട്ടു മാസവും വളര്‍ച്ചയുള്ള രണ്ട് കഞ്ചാവ് ചെടികള്‍ മറയൂര്‍ പൊലീസ് കണ്ടെത്തിയത്. 

ഇതില്‍ ഒന്നര വര്‍ഷം വളര്‍ച്ചയുള്ള കഞ്ചാവ് ചെടിയുടെ ശിഖരങ്ങളെല്ലാം മുറിച്ചെടുത്ത നിലയിലായിരുന്നു.  അരക്കിലോ ഭാഗികമായി ഉണങ്ങിയ കഞ്ചാവും വീടിനുള്ളിൽ നിന്നു ലഭിച്ചു.

വീട്ട് വളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തേതുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ പരിശേധന നടത്തി ചെടികളും കഞ്ചാവും പൊലീസ് കണ്ടെത്തിയത്.

മറയൂർ  എസ്.ഐ ജി.അജയകുമാര്‍, അഡീഷ്ണല്‍ എസ്.ഐ റ്റി.ആര്‍ രാജന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷിഹാബുദീന്‍, ജോളി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.