അവിഹിതമെന്ന് സംശയം; ഭാര്യയുടെ തല വെട്ടിയെടുത്ത് പ്രതി സ്റ്റേഷനില്‍

അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ തലവെട്ടിയെടുത്ത് കർണാടക സ്വദേശി പൊലീസ് സ്റ്റേഷനിൽ ഹാജരായി. തന്റെ ഭാര്യയുടെ വെട്ടിയെടുത്ത തല സഞ്ചിയിലാക്കി മറുകയ്യില്‍ വാളും പിടിച്ചാണ് 35കാരനായ സതീഷ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. ഭാര്യ രൂപയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 

വീടിന് സമീപത്തെ ഒരു പ്ലാന്റേഷനിലെ ജീവനക്കാരനുമായി രൂപയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് സതീഷിന്റെ ആരോപണം. ഭാര്യയുടെ കാമുകനെന്ന്  ആരോപിക്കുന്ന യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടുവെന്നാണ് ഇയാൾ പറയുന്നത്. തനിക്ക് അയാളെ കൊല്ലാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ടാക്‌സി ഡ്രൈവറായ സതീഷ് നീലഗിരി പ്ലാന്റേഷനില്‍ വച്ചാണ് ഭാര്യയെ വെട്ടിക്കൊന്നത്.

തന്റെ ഭാര്യയും സുനിലും ചേര്‍ന്ന് വര്‍ഷങ്ങളായി തന്നെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്നും ഭാര്യ ലോണ്‍ എടുത്ത മൂന്ന് ലക്ഷം രൂപ സുനിലിന് നല്‍കിയെന്നും സതീഷ് ആരോപിച്ചു. രൂപയുമായുള്ള വിവാഹത്തില്‍ സതീഷിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് വീട്ടുകാരുമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായത്. രണ്ട് ചെറിയ കുട്ടികളുണ്ട് സതീഷ്-രൂപ ദമ്പതികൾക്ക്.