വെളളക്കടലാസിൽ ‍അവസാനിച്ച ദാമ്പത്യ ജീവിതം: മുത്തലാഖിന്റെ ഇരയായി യുവതി

ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചിട്ടും മുത്തലാഖിന് ഇരയാകേണ്ടി വരുന്നവർ നമുക്കിടയില്‍ ഇന്നുമുണ്ട്. എന്നാൽ മാനക്കേടും ഭാവിയും ചിന്തിച്ച് വീടുകളിൽ ഒതുങ്ങി കഴിയുകയാണ് ആ സഹോദരിമാർ. ഷൈറാ ബാനു, അഫ്രീന്‍ റഹ്‌മാന്‍, ഇഷറത് ജഹാന്‍, ഗുല്‍ഷന്‍ പര്‍വീണ്‍, അതിയാ സാബ്റി എന്നിവർക്ക് പിന്നാലെ നിയമ പോരാട്ടത്തിനിറങ്ങി തിരിച്ചിരിക്കുകയാണ് പയ്യന്നൂർ സ്വദേശിനി. കഴിഞ്ഞമാസം പതിമൂന്നിന് വെള്ളക്കടലാസിൽ ഭർത്താവ് എഴുതി നൽകിയ മുത്തലാഖാണ് ഈ ഇരുപത്തിമൂന്ന് കാരിയെയും നാലു വയസുള്ള മകനെയും വഴിയാധാരമാക്കിയത്.

കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്ത ഭർത്താവ് ഗൾഫിലേക്ക് പോവുകയും ചെയ്തു. പതിനെട്ടാം വയസിൽ കല്യാണം നടന്നപ്പോൾ ഭർത്താവിന് നൽകിയ നാൽപത് പവൻ സ്വർണവും പതിനഞ്ച് സെന്റ് സ്ഥലവും വീടും തിരികെ നൽകാനുള്ള മര്യാദപോലും കാണിച്ചില്ല. ഗൾഫ് നാട്ടിൽ കിടന്ന് അധ്വാനിച്ച തുക കൊണ്ടാണ് മുത്തമകളെ ഉപ്പ വിവാഹം ചെയ്ത് അയച്ചത്. എല്ലാ പ്രതീക്ഷകളും മുത്തലാഖ് തകർത്തു. പിതാവ് ഗൾഫിലായതിനാൽ യുവതി ഉമ്മയ്ക്കൊപ്പമാണ് നീതി തേടി ഇറങ്ങിയിരിക്കുന്നത്. പയ്യന്നൂർ കോടതിയിൽ അഭിഭാഷകൻ മുഖേനെ ഹർജി നൽകിയതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിനും പരാതി നൽകിയിട്ടുണ്ട്.

യുവതിക്ക് ജീവനാംശം നൽകണമെന്ന് ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല. നിയമ നടപടി തുടങ്ങിയതോടെ യുവതിക്കും കുടുംബത്തിനും നേരെ ഭീഷണിയും വന്നു തുടങ്ങി. ഉമ്മയും മക്കളും മാത്രമുള്ള കുടുംബത്തെ സഹായിക്കുന്നവരെ അപകീർത്തിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും മറുഭാഗത്ത് നടക്കുന്നു. അഞ്ചുവർഷംകൊണ്ട് അമ്പത് വർഷത്തെ മാനസിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്ന് യുവതി പറയുന്നു. സ്ത്രീകളെ വഴിയാധാരമാക്കുന്ന കീഴ്്വഴക്കത്തിനെതിരെ പോരാടാൻ തന്നെയാണ് ഇവരുടെ തീരുമാനം. 

അതേസമയം, വെള്ളക്കടലാസില്‍ മുത്തലാഖ് എഴുതി നല്‍കി കണ്ണൂർ പയ്യന്നൂർ സ്വദേശിനിയെ  മൊഴി ചൊല്ലിയ സംഭവത്തില്‍ വനിതാകമ്മിഷന്‍ കേസെടുത്തു. സ്ത്രീകൾക്ക് അനുകൂലമായ നിയമം എത്രയും പെട്ടെന്ന് രാജ്യത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു. 

രാജ്യത്ത് വിവാഹമോചനം നൽകേണ്ടത് കോടതിയാണ്. മുത്തലാഖ് കേസുകളില്‍ കേരള വനിതാ കമ്മിഷൻ ശക്തമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ അറിയിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കമ്മിഷന്റെ നടപടി. വെള്ളക്കടലാസിൽ തലാഖ് എഴുതിനൽകിയാണ് ഇരുപത്തിമൂന്ന് വയസുകാരിയെ പെരുമ്പ സ്വദേശി മൊഴിചൊല്ലിയത്. യുവതിയുടെ ഹർജിയിൽ പയ്യന്നൂർ കോടതി കേസെടുത്തിരുന്നു.