നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട; ദോഹയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തൃശൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് മൂന്നരകിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്നാണ് സ്വര്‍ണം എത്തിച്ചതെന്ന് യാത്രക്കാരന്‍ മൊഴി നല്‍കി. 

രാവിലെ ഖത്തര്‍ എയര്‍വേയ്സില്‍ കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് മൂന്നര കിലോ സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് വിഭാഗത്തിന്റെ പരിശോധനയില്‍ തൃശൂർ സ്വദേശി മുഹമ്മദ് റഫീഖ് കുടുങ്ങുകയായിരുന്നു. പേയ്സ്റ്റ് രൂപത്തിലാക്കി അരയിൽ കെട്ടിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. ഇയാൾ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് പറഞ്ഞു. 

പേയ്സ്റ്റ് രൂപത്തിലാക്കിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെടാൻ സാധ്യത കുറവായതിനാലാണ് ഈ മാർഗം സ്വീകരിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് നടത്തിയതെന്ന് അഡീഷണൽ കമ്മീഷണർ അനിൽ കുമാർ, അസി.കമ്മീഷണർമാരായ റോയ് വർഗീസ്, ശിവരാമൻ എന്നിവര്‍ പറഞ്ഞു.