ജാതിപേര് വിളിച്ച് അധിക്ഷേപിച്ച ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സമരത്തിനെത്തിയ പട്ടികജാതി വിഭാഗക്കാരെ ജാതിപേര് വിളിച്ച് അധിക്ഷേപിച്ച ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ ബൈപാസ് തുരുത്തി കോളനിവഴി നിർമിക്കുന്നതിനെതിരെ നടത്തിയ സമരത്തിലാണ് ബസ് ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായത്.

കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് തർക്കം തുടങ്ങിയത്. പയ്യന്നൂരിൽ നിന്നെത്തിയ മാധവി ബസ് പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം. ബസ് തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ ബസിലെ ജീവനക്കാർ അസഭ്യം പറയുകയും ജാതിപേര് വിളിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാർ കൂട്ടാമായെത്തി ബസ് തടയാൻ ശ്രമിച്ചു. ടൗൺ പൊലീസെത്തി സംഘർഷത്തിലേക്ക് നീങ്ങുന്നത് തടഞ്ഞു. തുടർന്നാണ് ബസും അതിലെ ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഇതിന് മുൻപ് കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ ഡ്രൈവറെ തളിപ്പറമ്പിൽവെച്ച് പരസ്യമായി മർദിച്ചതിന് മാധവി ബസിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.