ജസ്നയുടെ തിരോധാനം: ഇരുട്ടിൽത്തപ്പി പൊലീസ്

കാഞ്ഞിരപ്പിള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ തിരോധാന കേസില്‍ കെട്ടു കഥകള്‍ക്കും  അഭ്യൂഹങ്ങള്‍ക്കും  പിന്നാലെ പോകേണ്ട അവസ്ഥയിലാണ് പൊലീസ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ വീഴ്ചയാണ് പൊലീസിന്റെ പ്രതിസന്ധിക്ക് കാരണം. ഒരാഴ്ചയിലേറെ ബംഗ്ലൂരുവിലും മൈസൂരിലും ചെലവഴിച്ച അന്വേഷണ സംഘത്തിനും ജസ്നയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല. 

ജസ്ന ബംഗ്ലൂരുവിലെത്തിയെന്ന വാർത്ത പുറത്തുവന്നത് മെയ് ഏഴാം തീയതിയാണ്. ജസ്റ്റിസ് ഫോർ ജസ്നയെന്ന പേരിൽ  സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ശക്തമായതിന് പിന്നാലെയായിരുന്നു ഇത്. തൊട്ടു തലേദിവസമാണ് പ്രത്യേക സംഘത്തെ മുഖ്യമന്ത്രി അന്വേഷണത്തിനായി നിയോഗിച്ചതും. തൃശൂർ സ്വദേശിയായ ഒരു യുവാവിനോടൊപ്പം ജസ്ന ബംഗ്ലൂരുവിലെത്തി എന്നായിരുന്നു കഥ.

കേട്ടപാതി അന്വേഷണ സംഘം ബംഗ്ലൂരുവിലേക്ക് തിരിച്ചു. ജസ്നയും സുഹൃത്തും എത്തിയെന്ന് പറഞ്ഞ ആശ്രയഭവനിലും ചികിത്സ തേടിയ നിംഹാൻസിലും പരിശോധന നടത്തി. ആശ്രയഭവനിലെയും നിംഹാൻസിലേയും സിസിടിവി ദൃശ്യങ്ങൾ രണ്ട് ദിവസംകൊണ്ടാണ് പരിശോധിച്ച് തീർത്തത്. ജസ്നയുടെ നിഴൽ പോലും ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. ഈ കെട്ടുകഥ പക്ഷെ പൊതുസമൂഹത്തെ ആശയകുഴപ്പത്തിലാക്കി. 

അന്വേഷണം എങ്ങുമെത്താതായതോടെ  ജസ്നയെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ജസ്നയെ കണ്ടെന്ന് അവകാശപ്പെട്ട് സംസ്ഥാനത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും വന്ന ഫോണുകൾക്ക്‌ കയ്യും കണക്കുമില്ല. ഇതിനെല്ലാം പിന്നാലെ പൊലീസ് ഓടിയതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 

ഒരു എത്തും പിടിയും കിട്ടാതെ ഇനിയെന്തെന്ന് ആശയകുഴപ്പത്തിലാണ് പ്രത്യേക അന്വേഷണ സംഘവും. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തില് സമരം ശക്തമാക്കാനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിൽ.