ദേശീയപാതയില്‍ സ്കൂട്ടറോടിക്കുന്ന കുട്ടി: ചോരക്കളമാക്കാന്‍ കൂട്ടുനില്‍ക്കല്ലേ...

ഇന്നലെ ഉച്ചയ്ക്കാണ് മനോരമ ന്യൂസിന്റെ കാസര്‍കോട് പ്രാദേശിക ലേഖകന്‍ രഞ്ജുവിന്റെ വിളി വന്നത്. ഒരു സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ പോയിവരുന്നതിനിടെ ദേശീയപാതയില്‍ കണ്ട ഒരു കാഴ്ച രഞ്ജു സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഓഫീസില്‍ എത്തിച്ച് രഞ്ജു ആ ദൃശ്യങ്ങള്‍ കാണിച്ചു. ഞെട്ടിക്കുന്നതായിരുന്നു കാഴ്ച. ദേശീയപാതയിലൂടെ അപകടകരമായ രീതിയില്‍ സ്കൂട്ടറോടിക്കുന്ന കുട്ടി. അതും ഒരു സ്കൂള്‍ വിദ്യാര്‍ഥി. കഴ്ചയില്‍ പത്തു വയസ് തോന്നിക്കും. യൂണിഫോമില്‍, സ്കൂള്‍ ബാഗും മുന്നില്‍ വച്ചാണ് യാത്ര. ചരക്കുവാഹനങ്ങളും, സ്വകാര്യബസുകളും തലങ്ങും വിലങ്ങും ചീറിപ്പായുന്ന ദേശീയപാത അറുപത്തിയാറിലൂടെയാണ് സ്കൂള്‍ വിദ്യാര്‍ഥി സ്കൂട്ടര്‍ ഓടിക്കുന്നത്. അത്യാവശ്യം നല്ല വേഗതയില്‍ തന്നെയാണ് വാഹനം പോകുന്നത്. ഡ്രൈവിങ് സീറ്റിലിരിക്കുന്ന മധ്യവയസ്കന്റെ പിന്തുണയോടെയായാണ് കുട്ടിയുടെ സാഹസം. അതും സംസ്ഥാനത്ത് ഏറ്റവും തിരക്കേറിയ പാതകളൊന്നില്‍.

ഏതാനും മാസങ്ങള്‍ മുന്‍പ് മനോരമ ന്യൂസ് കൊച്ചി ക്യാമറമാന്‍ ജെയ്ജി മാത്യു ഇടപ്പള്ളിയില്‍ നിന്ന് പകര്‍ത്തിയ സമാനമായ ദൃശ്യങ്ങള്‍ ഓര്‍മ്മയിലെത്തി. ആ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി സഹപ്രവര്‍ത്തകനായ മനു സി.കുമാര്‍ തയ്യാറാക്കിയ വാര്‍ത്ത അന്ന് വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.കുറ്റക്കാര്‍ക്കതിരെ ശക്തമായ നടപടിയുമുണ്ടായി.  അതുകൊണ്ട് തന്നെ ഈ കാഴ്ചയും വാര്‍ത്തയാക്കണമെന്ന് തീരുമാനിച്ചു. ദൃശ്യങ്ങളില്‍ നിന്ന് വാഹനത്തിന്റെ നമ്പര്‍ മനസിലായി. മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ നടത്തിയ പരിശോധനയില്‍ നിന്ന് കെ.എല്‍.14. എം. 7721 എന്ന ഈ ഇരുചക്രവഹനത്തിന്റെ ഉടമ അബ്ദുള്‍ ബഷീര്‍ എന്ന വ്യക്തിയാണെന്ന് മനസിലാക്കാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വിലാസമോ മറ്റുവിവരങ്ങളോ ആ വെബ്സൈറ്റില്‍ നിന്ന് ലഭിച്ചില്ല.

ഈ വാര്‍ത്തയും ചര്‍ച്ചയായേക്കും, നടപടികളും ഉണ്ടായേക്കും.ഈ ദൃശ്യങ്ങളും വാര്‍ത്തയും എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്യും മുന്‍പ് ഓരോരുത്തരും ഉറപ്പിക്കണം ഇത്തരം സാഹസങ്ങള്‍ക്ക് കൂട്ടുനിന്ന് നിരത്തുകളെ ഒരിക്കലും ചോരക്കളമാക്കില്ലെന്ന്. സ്വന്തം മക്കള്‍ക്ക് ഏറെ കഴിവുകള്‍ ഉളളവര്‍ എന്നു പറയുന്നതില്‍ ഊറ്റം കൊള്ളുന്നവരാണ് എല്ലാ അച്ഛനമ്മമാരും. എന്നാല്‍ ജീവന്‍ പണയം വച്ചുള്ള ഇത്തരം സാഹസം നടത്തി വേണോ മക്കളെ പ്രശസ്തരാക്കാന്‍ എന്നതാണ് ചോദ്യം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ 18 വയസാണ് സര്‍ക്കാര്‍ നിശ്ചയ്ച്ചിരിക്കുന്ന പ്രായപരിധി. അതുവരെ ഒന്നു കാത്തിരിക്കാനുള്ള മനസ് എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകണം എന്ന് വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ പിന്നെയും പിന്നെയും മുന്നറിയിപ്പ് തരുന്നു.