ഷുഹൈബ് വധക്കേസിൽ ഡിഎൻഎ പരിശോധനയുമായി പൊലീസ്

ഷുഹൈബ് വധക്കേസിൽ പൊലീസ് ഡിഎൻഎ പരിശോധന നടത്തുന്നു. ഇതിനായി സാക്ഷികളുടെയും പ്രതികളുടെയും രക്തസാംപിളുകൾ ശേഖരിച്ച് ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. വിചാരണ വേളയിൽ തെളിവുകൾക്ക് കൂടുതൽ വിശ്വാസ്യത ലഭിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം വേഗത്തിലായത്. ഷുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട കെ.റിയാസ്, ഇ.നൗഷാദ്, ഇസ്മയിൽ എന്നിവരുടെ രക്തവും മുടിയും നഖവും പൊലീസ് ശേഖരിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യമായ സാംപിളുകൾ പത്രികളിനിന്നും പൊലീസ് എടുത്തിട്ടുണ്ട്. പിടിയിലായവരിൽ എത്ര പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്നും ശാസ്ത്രീയമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കൃത്യം നടത്തിയ തട്ടുകടയിൽ നിന്ന് ലഭിച്ച രക്തവും ശരീര ഭാഗങ്ങളും ഡിഎൻഎ പരിശോധന ഫലവുമായി ഒത്തു നോക്കും. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ദീപ് ചന്ദിനും ആക്രമണത്തിനിടയിൽ പരുക്കേറ്റിരുന്നു. കൊല്ലപ്പെടുകയോ അല്ലെങ്കിൽ പിടിയിലായ പ്രതികളെക്കുറിച്ചോ സംശയം തോന്നുന്ന സാഹചര്യത്തിലാണ് സാധാരണ അന്വേഷണ സംഘം ഡിഎൻഎ പരിശോധന നടത്തുക.