'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടിക്കണം; ആകാശ് സിപിഎം ഒക്കത്തുവച്ചിരുന്ന പയ്യൻ'

പി ജയരാജനെ കൊണ്ട് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയാൽ തീരുന്നത് അല്ല ഷുഹൈബ് വധം എന്ന് പ്രതിപക്ഷം നിയമസഭയിൽ. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപെട്ടു. അക്രമി സംഘങ്ങളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിപിഎമ്മുകാരും മനുഷ്യരാണെന്നും തെറ്റ് പറ്റാമെന്നും കൂട്ടിച്ചേർത്തു. 

ഷുഹൈബ് വധത്തിൽ സിപിഎമ്മിന്റെ പങ്ക് വെളിപ്പെടുത്തിയ ആകാശ് തിലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം സഭയിലെത്തിച്ചത്. പാർട്ടി നിർദേശ പ്രകാരമാണ് കൊലപാതകം എന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് അപ്പുറം എന്ത് തെളിവ് വേണമെന്ന് നോട്ടിസ് നൽകിയ ടി.സിദീഖ് ചോദിച്ചു.

സിപിഎം നിൽക്കുന്നത് ക്വട്ടേഷൻ സംഘങ്ങളുടെ തണലിൽ അല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കേസിൽ പുതിയ തെളിവുകളോ പരാതികളോ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിട്ടില്ലെന്നും അറിയിച്ചു.പുതിയ വെളിപ്പെടുത്തലുകൾ ഒന്നും  അറിയാതെയിരിക്കാൻ കണ്ണും കാതും മൂടിയാണോ അന്വേഷണ ഉദ്യോഗസ്ഥൻ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സിബിഐ അന്വേഷിച്ചാൽ കൊല്ലിച്ചവർ പിടിയിലാകുമെന്ന് സർക്കാർ ഭയക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.

ചോദ്യോത്തരവേളയിൽ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളിൽ തന്ത്രപരമായായി ഒഴിഞ്ഞുനിന്നുകൊണ്ട് അടിയന്തരപ്രമേയ നോട്ടിസിലൂടെ പ്രതിപക്ഷം വിഷയം സഭയിലെത്തിച്ചത്. ചോദ്യോത്തര വേളയിൽ ചർച്ച ചെയ്തുവെന്ന് കാണിച്ച് കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസിന് കഴിഞ്ഞ ദിവസം സ്പീക്കർ അനുമതി നിഷേധിച്ചത് മുന്നിൽ കണ്ടായിരുന്നു പ്രതിപക്ഷ നീക്കം.

VD Satheesan on Shuhaib Murder Case