അച്ഛനാണെന്ന് മറന്നു; മദ്യലഹരിയിൽ മകൻ മർദ്ദിച്ചുകൊന്നു

പത്തനംതിട്ടയില്‍ മകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചതായി പരാതി. താഴെവെട്ടിപ്രം സ്വദേശി ചെല്ലപ്പനാണ് മരിച്ചത്. മദ്യലഹരിയില്‍ മകന്‍, പിതാവിനെ മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകന്‍ ദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞരാത്രിയാണ് ചെല്ലപ്പന് മര്‍ദ്ദനമേറ്റത്. രാത്രിയില്‍ വീട്ടില്‍ നിന്ന് ബഹളം കേട്ടെങ്കിലും വഴക്ക് പതിവായതിനാല്‍ അയല്‍ക്കാര്‍ ശ്രദ്ധിച്ചില്ല. മറ്റൊരിവീട്ടില്‍ ഹോം നേഴ്സായി ജോലിചെയ്യുന്ന ചെല്ലപ്പന്റെ ഭാര്യപുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റ് അവശനിലയിലായ ചെല്ലപ്പനെ കണ്ടത്. ചെല്ലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ദീപന്‍ വിലക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ദീപന്‍ പുറത്തുപോയസമയത്ത് നാട്ടുകാരുടെ സഹായത്തോടെ പത്തനംതിട്ട ജനറല്‍ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാരുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. ചെല്ലപ്പന്‍ മരിച്ചതോടെ ഒളിവില്‍ പോയ ദീപനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂലിപ്പണിക്കാരനാണ് മരിച്ച ചെല്ലപ്പന്‍. ദീപന്‍ ഓട്ടോഡ്രൈവറാണ്.