സി.പി.എം പ്രവർത്തകനെ ആക്രമിച്ച എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. രാഷ്ട്രീയ വൈരാഗ്യം മൂലം ഏതെങ്കിലും സി.പി.എം പ്രവർത്തകരെ ഉപദ്രവിക്കണമെന്ന തീരുമാനമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

സി.പി.എം പ്രവർത്തകനും ദേശാഭിമാനി പത്ര ഏജന്റുമായ ശശികുമാറായിരുന്നു ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തി ഇരുമ്പ് വടികൊണ്ട് മർദിക്കുകയും കൊലവിളി മുഴുക്കുകയും ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകരായ അൽ അമീൻ, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കളായ ഇരുവരെയും നേമത്തെ ഒളി സങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ചയാണ് ഇരുവരും ചേർന്ന് സി.പി.എം പ്രവർത്തകനെ ആക്രമിച്ചത്. അതിന്റെ തലേദിവസം മറ്റൊരു എസ്.ഡി.പി.ഐ പ്രവർത്തകനെ സി.പി.എം പ്രവർത്തകർ മർദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിൽ ഏതെങ്കിലും സി.പി.എംകാരനെ ആക്രമിക്കണമെന്ന തീരുമാനമാണ് ശശികുമാറിന്റെ ആക്രമണത്തിലെത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. 

സി.പി.എമ്മുകാരെ ആക്രമിക്കാനുറച്ചിറങ്ങിയ സംഘം കൺമുന്നിലെത്തിയ ശശികുമാറിനെ ബൈക്കിൽ പിന്തുടർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം തമിഴ്നാട്ടിലെ ആറ്റിൻകരയിലെ ലോഡ്ജിലാണ് സംഘം ആദ്യം ഒളിവിൽ കഴിഞ്ഞത്. പൊലീസ് തിരഞ്ഞെത്തിയതോടെ അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുകയായിരുന്നു. റൂറൽ എസ്.പിയുടെ ഷാഡോ പൊലീസ് സംഘവും ആര്യനാട് സി.ഐയുടെ നേതൃത്വത്തിലെ സംഘവും ചേർന്നാണ് പിടികൂടിയത്.