കുമ്മനം രാജശേഖരൻ ഉൾപ്പടെ നാല് ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഒരുങ്ങുന്നു. െഎഎസ് ഭീകരവാദികളിൽ നിന്നടക്കം ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തരമായി സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. സിആർപിഎഫിനാകും സുരക്ഷാ ചുമതല.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ , എം ടി രമേശ് ,ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ് തുടങ്ങിയവർക്കാണ് വൈ കാറ്റഗറി സുരക്ഷ ഒരുങ്ങുന്നത്. നാല് ബിജെപി നേതാക്കളുടെ ജീവന് ഭീഷണി ഉള്ളതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കാള്ള തീരുമാനം. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി സിആർപിഎഫ് അറിയിച്ചു. ആയുധ ധാരികളായ നാല് സിആർപിഎഫ് ഉദ്യോഗസ്ഥരാകും ഒാരോരുത്തർക്കും ഒപ്പമുണ്ടാകുക.
രണ്ടുപേർ യാത്രകളിൽ അനുഗമിക്കും മറ്റ് രണ്ടുപേർ താമസസ്ഥലങ്ങളിൽ സുരക്ഷ ഒരുക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഒാഫീസിലടക്കം ഇതിനോടനുബന്ധിച്ചുള്ള പരിശോധനകൾ നടക്കുകയാണ്.ഉദ്യോഗസ്ഥരുടെ ശമ്പളം ഒഴികെയുള്ള മുഴുവൻ ചെലവുകളും നേതാക്കന്മാർ തന്നെ വഹിക്കണം.നിലവിൽ വെള്ളാപ്പള്ളി നടേശനാണ് സംസ്ഥാനത്ത് വൈ കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയ നേതാവ്.