കാര്‍ വര്‍ക് ഷോപ്പില്‍ പെയിന്‍റിങ് യൂണിറ്റിന് തീപിടിച്ചു; യന്ത്രങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട് വെള്ളയില്‍ പണിക്കര്‍ റോഡിലെ സ്വകാര്യ കാര്‍ വര്‍ക് ഷോപ്പില്‍ പെയിന്‍റിങ് യൂണിറ്റിന് തീപിടിച്ചു. പെയിന്‍റിങ്ങിന് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു തീ പടര്‍ന്നത്. വന്‍ തോതില്‍ തീ പടരും മുമ്പ് അണച്ചെങ്കിലും ഫയര്‍ഫോഴ്സ് സ്ഥലത്തെത്താന്‍ വൈകിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊട്ടിത്തെറിച്ചു.

തീ പിടിച്ചത് പെയിന്‍റില്‍ നിന്നാണെന്നാണ് സംശയം. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. പുക ഉയരുന്നത് കണ്ട് വര്‍ക്ക് ഷോപ്പിനുള്ളിലുണ്ടായിരുന്ന കാറുകള്‍ ജീവനക്കാര്‍ വളരെ പെട്ടെന്ന് പുറത്തേക്ക് മാറ്റിയത് രക്ഷയായി. നാട്ടുകാര്‍ ഓടിക്കൂടി തീയണക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്തുള്ള കയര്‍ ഗോഡൗണിലേക്ക് പടരുന്നതും തടയാനായി. കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. എന്നാല്‍ വിവരമറിയിച്ചിട്ടും ഫയര്‍ഫോഴ്സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്ന് നാട്ടുകാര്‍. 

മീഞ്ചന്തയില്‍ നിന്ന് ഓടിയെത്താനുള്ള സമയം മാത്രമേ എടുത്തൊള്ളൂ എന്നാണ് ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫീസറുടെ വിശദീകരണം. ബീച്ച് സ്റ്റേഷനിലെ ഒരു യൂണിറ്റ് മറ്റൊരിടത്തായിരുന്നു. ബീച്ച് സ്റ്റേഷനില്‍ ആകെ ഒരു ഫയര്‍ എഞ്ചിന്‍ മാത്രമുള്ളതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നേരത്തെ ആവശ്യത്തിന് യൂണിറ്റുകളും ജീവനക്കാരും ഉണ്ടായിരുന്ന സ്റ്റേഷനോട് ഇപ്പോള്‍ അവഗണനയാണെന്നാണ് ആക്ഷേപം. വേനല്‍കാലത്ത് ഫയര്‍ എഞ്ചിനുകളുടെ കുറവ് ജീവനക്കാര്‍ക്കും തലവേദനയാകുന്നുണ്ട്.

Painting unit caught fire in car workshop; The machines burned

Enter AMP Embedded Script