റോഡിനു നടുവില്‍ ഒരിക്കലും വറ്റാത്ത കിണര്‍; നൂറ്റാണ്ടിന്റെ ചരിത്രം

റോഡിന്റെ ഒത്ത നടുക്ക് ഒരു കിണർ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും? ചുറ്റുപാടുമുള്ള എല്ലാ കിണറുകളും വരൾച്ചയറിയുമ്പോഴും ഒരിക്കലും വറ്റാത്ത ഈ കിണർ തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറയിലാണ്. വരൾച്ചയുടെ പാരമ്യത്തിൽ പിറന്ന് കല്ലൂപ്പാറ ഐക്കരപ്പടിക്കാരുടെ ഗ്യഹാതുരതയുണർത്തുന്ന ഈ കിണറിന് പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റെ ചരിത്രമാണ്. 

1920കളിലെ വേനല്‍ക്കാലത്ത് ചൂടിന്‍റെ കാഠിന്യം കല്ലൂപ്പാറക്കാരറിഞ്ഞത് വീട്ടുമുറ്റത്തെ കിണറുകളെല്ലാം വറ്റി വരണ്ട് കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ നാട്ടുകാര്‍ നട്ടം തിരിഞ്ഞപ്പോഴാണ് ഐക്കരവീട്ടില്‍ പൗലോസ് എന്ന മധ്യവയസ്കന്‍ തന്‍റെ പുരയിടത്തിലെ താഴ്ന്നൊരിടം കണ്ടെത്തിയത്. 25 അടി താഴ്ചയില്‍ കിണര്‍ കുത്തി. ഉറവ കണ്ടു. പിന്നീടൊരിക്കലും പൗലോസിന് മാത്രമല്ല ഐക്കരപ്പടിക്കാര്‍ക്കും വെള്ളത്തിനായി അലയേണ്ടി വന്നിട്ടില്ല. 

1972ല്‍ റോഡ് നിര്‍മാണത്തിനായി പിഡബ്ല്യുഡി സ്ഥലം ഏറ്റെടുത്തുതുടങ്ങി. പൗലോസിന്‍റെ കിണര്‍ ഉള്‍പ്പെടുന്ന ഭാഗമായിരുന്നു പിഡബ്ല്യുഡിയുടെ ആവശ്യം. കിണര്‍ നിലനിര്‍ത്തുമെങ്കില്‍ സ്ഥലം വിട്ടുതരാമെന്ന പൗലോസിന്‍റെ ആവശ്യത്തിന് ഒടുവില്‍ ഉദ്യോഗസ്ഥര്‍ വഴങ്ങി. അന്ന് റോഡിന്‍റെ ഒരു വശത്തായി നിലകൊണ്ട കിണര്‍ റോഡ് വികസിച്ചതോടെയാണ് മധ്യഭാഗത്തായത്. 

കാലം മാറി. വീടുകളിലെല്ലാം പൈപ്പ് കണക്ഷനെത്തി. ഐക്കരവീട്ടില്‍ പൗലോസ് ഇന്നില്ല. ആരും വെള്ളം കോരുന്നില്ലെങ്കിലും എല്ലാവരാലും സംരക്ഷിക്കപ്പെടുന്ന ഈ കിണറിരിക്കുന്നിടം ഇന്ന് ഐക്കരപ്പടി കിണറുമുക്കാണ്.

Perennial Well In Thiruvalla

Enter AMP Embedded Script
MORE IN KERALA