അവധിക്കാലത്ത് നീന്തല്‍ പഠിക്കാം; ആളൊഴിയാതെ കാട്ടാലിക്കുളം

അവധിക്കാലമായതോടെ നാട്ടിന്‍പുറങ്ങളിലെ നീന്തല്‍ക്കുളങ്ങളില്‍ ആളൊഴിയുന്നില്ല. എറണാകുളം മണീട് പഞ്ചായത്തിലെ കാട്ടാലികുളം അത്തരത്തിലൊന്നാണ്. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് നിര്‍മിച്ചതാണ് ഈ കുളം. 

കണ്ണെത്താ ദൂരത്തോളം പാടങ്ങളും ചെറുതും വലുതുമായ നിരവധി തോടുകളും കുളങ്ങളുമുള്ള നാടാണ് മണീടും പരിസര പ്രദേശങ്ങളും. മുവാറ്റുപുഴ– പിറവം പുഴയില്‍ നീന്തല്‍‌ പഠിച്ചവരാണ് ഇവിടുത്തെ മുതിര്‍ന്ന തലമുറ. കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിന് സുരക്ഷിതമായ ജലാശയം വേണമെന്ന ആവശ്യത്തില്‍ നിന്നാണ് കാട്ടാലികുളത്തിന്‍റെ പിറവി. ജില്ലാപഞ്ചായത്ത് പദ്ധതിയേറ്റെടുത്തു. 30 ലക്ഷം രൂപ അനുവദിച്ചു. അങ്ങനെ 2019ല്‍ ഇന്ന് കാണുന്ന കാട്ടാലികുളമുണ്ടായി. പാടങ്ങള്‍ക്കു നടുവില്‍ സംരക്ഷണഭിത്തിയും കമ്പിവലയുമൊക്കെയിട്ട് സുന്ദരമാക്കി പഴയെ കുളത്തിനെ.

ശുദ്ധമായ വെള്ളം. അടിത്തട്ടില്‍ ചെളിയും കല്ലുകളും ഇല്ലാത്തതിനാല്‍ ഭയവും വേണ്ട. വെള്ളത്തിന്‍റെ നിറം പോലും ആരെയും കൊതിപ്പിക്കും. അവധിക്കാലമെത്തിയതോടെ നീന്താനെത്തുന്നവരുടെ എണ്ണവും കൂടി.  കുളത്തിന് നല്ല ആഴമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ, കുട്ടികള്‍ നീന്താനെത്തുമ്പോള്‍ മുതിര്‍ന്ന ആരെങ്കിലും കൂടെയുണ്ടാകും. നീന്തല്‍ പഠിക്കേണ്ടതിന്‍റെ ആവശ്യകത ഇങ്ങനെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടേയിരിക്കും...  കാട്ടാലിക്കുളം നല്ലൊരു മാതൃകയാണ്. കളിക്കളം പോലെ നീന്തല്‍ക്കുളവും നാടിന് അത്യാവശ്യമാണെന്നതിന് തെളിവ്.

Ernakulam kattalikulam

Enter AMP Embedded Script