പെരുമാറ്റച്ചട്ട ലംഘന പരാതി; നിലപാട് ആവര്‍ത്തിച്ച് വിശദീകരണക്കുറിപ്പ്

പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ നിലപാട് ആവര്‍ത്തിച്ച് ജില്ലാ കലക്ടര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിശദീകരണക്കുറിപ്പ്. കോഴിക്കോട് രാജ്യാന്തര നിലവാരത്തില്‍ സ്റ്റേഡിയം പണിയുമെന്നത് നേരത്തെയുള്ള പ്രഖ്യാപനമെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പറയുന്നത് തെറ്റല്ലെന്നുമായിരുന്നു വിശദീകരണം. അതേസമയം, പെരുമാറ്റച്ചട്ട ലംഘന പരാതിക്ക് പിന്നാലെ വീഴ്ച പറ്റിയെന്ന് കണ്ടെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ ഒഴിവാക്കി.

പെരുമാറ്റച്ചട്ട ലംഘന ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞതുതന്നെയാണ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പിലും പറയുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. സ്റ്റേഡിയം നിര്‍മാണം നവംബറില്‍ കായിക മന്ത്രി തന്നെ പ്രഖ്യാപിച്ചതാണെന്നും അത് വേദിയില്‍ ആവര്‍ത്തിക്കുകയാണ് ചെയതതെന്നുമാണ് വിശദീകരണക്കുറിപ്പിന്‍റെ ഉള്ളടക്കം. പ്രസംഗത്തില്‍ അക്കാര്യം പറഞ്ഞിരുന്നുവെന്നും മന്ത്രി ആവര്‍ത്തിക്കുന്നു. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാണ് മന്ത്രിക്ക് ജില്ലാ തിര‍ഞ്ഞെടുപ്പ് ഓഫീസറായ കലക്ട‍ര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നത്. വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചാണ് ഇനി കലക്ടര്‍ വിഷയത്തില്‍ തീരുമാനമെടുക്കുക. അതേസമയം, വീഡിയോഗ്രാഫറെ ഭീഷണിപ്പെടുത്തി വീഡിയോ നീക്കം ചെയ്യിച്ചുവെന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു.

എന്നാല്‍, വീഡിയോ നീക്കം ചെയ്തിട്ടില്ലെന്നും തന്‍റെ കൈവശമുണ്ടെന്നുമാണ് ജില്ലാ കലക്ടറുടെ വിശദീകരണം. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വീഡിയോ സര്‍വൈലന്‍സ് സംഘത്തില്‍ പെട്ട അസിസ്റ്റന്‍റ് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ , വീഡിയോഗ്രാഫര്‍ എന്നിവരെ കലക്ടര്‍ പ്രസ്തുത ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി പകരം ആളെ നിയമിച്ചു. പരാതിക്ക് ആധാരമായ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായ ഇരുവര്‍ക്കും വീഴ്ച സംഭവിച്ചതും മുമ്പും ഇവര്‍ക്കെതിരെ പരാതി ലഭിച്ചിരുന്നതും കണക്കിലെടുത്താണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവര്‍ വഴിവിട്ട് സഹായം ചെയ്തിരുന്നതായും കലക്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

Code of conduct violation complaint explanation

Enter AMP Embedded Script