സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചില്ല; സംസ്ഥാനസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം

salary
SHARE

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വിതരണം ആരംഭിച്ചില്ല. ഇന്നു വൈകുന്നേരത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പതിനായിരം കോടി കടമെടുക്കാന്‍ സുപ്രീംകോടതിയുടെ അനുമതി കിട്ടാത്തത് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളെയും വരുംമാസത്തെ ശമ്പളവിതരണത്തെയും  പ്രതികൂലമായി ബാധിക്കും. പ്രതിസന്ധിക്ക് കാരണം സംസ്ഥാനസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തി. 

ഇന്ന് വൈകുന്നേരത്തോടെ ശമ്പളം നല്‍കി തുടങ്ങുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭമായതിനാല്‍  ചെറിയകാലതാമസം സ്വാഭാവികമാണെന്ന വിശദീകരണവുമുണ്ട്. പെന്‍ഷന്‍വിതരണവും തുടങ്ങിയിട്ടില്ല. ക്ഷേമപെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍തന്നെ കുടിശികയാണ്. പതിനായിരം കോടി കടമെടുക്കാന്‍ അനുമതി കിട്ടാത്തത് പെന്‍ഷനെയും ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കും. പദ്ധതി നിര്‍വഹണത്തിന്‍റെ ബില്ലുകള്‍ ട്രഷറികളില്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഉടനൊന്നും അവയും പാസാക്കാനാവില്ല. 

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയതിനാല്‍ സര്‍ക്കാരിന് കടമെടുക്കാനാവും . പക്ഷെ  കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ വെട്ടിക്കുറച്ചശേഷമുള്ള തുകയെ ലഭിക്കുകയുള്ളൂ. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രശ്നങ്ങളുടെ അടിസ്ഥാനം എന്ന വിമര്‍ശനം പ്രതിപക്ഷം കൂടുതല്‍രൂക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. ബജറ്റിന് പുറത്ത് കടമെടുക്കാന്‍  കിഫ്ബി രൂപീകരിച്ചത് തെറ്റെന്ന പ്രതിപക്ഷ വാദം സുപ്രീംകോടതി വിധിയോടെ ശരിയെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  ഈ മാസം ശമ്പളം കൊടുക്കാനാവുമെങ്കിലും പതിനായിരം കോടി കടമെടുക്കാന്‍ കഴിയില്ല എന്നത് വരും മാസങ്ങളിലും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. 

MORE IN KERALA
SHOW MORE