'ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് നഷ്ടമൊക്കെ സഹിക്കുന്നത്'; പവര്‍ കട്ട് ഒഴിവാക്കുമെന്ന് മന്ത്രി

സംസ്ഥാനം കടുത്ത വരള്‍ച്ചെയെ നേരിടുമ്പോഴും വൈദ്യുതോല്‍പാദനത്തിന് ആവശ്യമായ വെള്ളം ഡാമുകളിലുണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നഷ്ടം സഹിച്ചും വൈദ്യുതി ബോര്‍ഡ് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പവര്‍ കട്ട് ഒഴിവാക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് മന്ത്രിയുടെ ഉറപ്പ്. കോടികളുടെ ബാധ്യതയുണ്ടെങ്കിലും ചൂട് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഡാമുകളില്‍ ജലം വളരെ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞതവണത്തെപ്പോലെ വെള്ളം ഡാമുകളിലുണ്ട്. പവര്‍കട്ട് ഇല്ലാതെ കൊണ്ടുപോവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. 

വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മാത്രം പറഞ്ഞിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എല്ലാം ഭദ്രമെന്ന് ആവര്‍ത്തിക്കുകയാണ്. ഉപഭോക്താക്കള്‍ ശ്രദ്ധയോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും എത്ര കൂടിയ വില നല്‍കിയും തിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും വൈദ്യുതി വാങ്ങി പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി. പ്രചാരണത്തിന്റെ ഓരോ ദിവസം പിന്നിടുമ്പോഴും എല്‍ഡിഎഫിന്റെ സാധ്യത കൂടുതല്‍ തെളിയുന്നതായും മികച്ച വിജയം നേടുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

Enter AMP Embedded Script