വൈദ്യുതി നിലച്ചു; കോഴിക്കോട് കെ.എസ്.ഇ.ബി ഓഫിസിന് നേരെ ആക്രമണം

കോഴിക്കോട് പന്തീരങ്കാവില്‍ വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കെ എസ്ഇബി ഓഫീസ് അക്രമിച്ചതായി പരാതി. കെ എസ് സി ബി ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇന്നലെ അര്‍ധരാത്രി 12.30 യോടെയാണ് സംഭവം. അത്താണി മണക്കടവ് ഭാഗത്ത് ഓവര്‍ലോഡായതോടെ ട്രാന്‍സ്ഫോമര്‍ ഡ്രിപ്പായി. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് കെ എസ്ഇബി ഓഫീസിലേക്ക് എത്തിയത്. സംഭവസമയം ഓഫീസില്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആളുകള്‍ സംഘംചേര്‍ന്ന് എത്തുന്നത് കണ്ടതോടെ ജീവനക്കാരന്‍ ഓഫീസിന്‍റെ ഗ്രില്ലടച്ചുപൂട്ടി. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ ചേര്‍ന്ന് ഓഫീസിന്‍റെ ബോര്‍ഡ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കെഎസ്ഇബി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കി. 

പൊലീസെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സമീപത്തെ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. 

kozhikode kseb office attack case