അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി; പ്രതി പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ അതിഥി തൊഴിലാളിയെ പട്ടാപകല്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ പ്രതി പിടിയില്‍. നിലമ്പൂര്‍ സ്വദേശി ബിനുവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ അടിമുടി ദുരൂഹതയെന്നാണ് പൊലീസ് വാദം. 

പോക്സോ കേസുകളടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ബിനു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. എന്നാല്‍ മൊഴികളിലെ പരസ്പ വൈരുദ്ധ്യം അന്വേഷണസംഘത്തെ വലയ്ക്കുകയാണ്. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് അതിഥി തൊഴിലാളിയായ നാജ്്മി ആലത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബിനു ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. മുക്കം റോഡിലൂടെ ഒരു മണിക്കൂര്‍ സഞ്ചരിച്ചപ്പോള്‍ ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് ബൈക്ക് നിര്‍ത്തി. ഒറ്റക്ക് അകത്തേയ്ക്ക് പോയ ബിനു ആറ് ലക്ഷം രൂപ പണവുമായി തിരികെ വന്നു. വീണ്ടും നാജ്്മി ആലവുമായി ഒരു മണിക്കൂര്‍ യാത്ര. അവിടെ ഒരു സ്ത്രീയെ കണ്ടു. ഈ പണം അവര്‍ക്ക് കൈമാറി. ശേഷം അടുത്തുള്ള ബാറിലേയ്ക്ക്. മദ്യപിച്ചു. നാജ്്മി ആലത്തെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അടുത്ത ബാറിലേയ്ക്ക്. അവിടെയും ഏറെ നേരം ചിലവിട്ടു. ശേഷം നാജ്്മി ആലത്തെ താമരശേരിയിലെ പള്ളിപ്പുറത്തെ വാടക ക്വാട്ടേഴ്സില്‍ എത്തിച്ചു. കയ്യും കാലും മുഖവും കെട്ടി ബന്ദിയാക്കി നിലത്തിട്ടു. വാതില്‍പൂട്ടി പ്രതി പോയി. ഇതിന് പിന്നാലെയാണ് ഏറെ പണിപെട്ട് നാജ്്മി ആലം കാലിന്‍റെ കെട്ടഴിച്ചത്. തുടര്‍ന്ന് കാലുകൊണ്ട് മൊബൈലില്‍ സുഹൃത്തുക്കള്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കി. ബന്ദിയാക്കിയ വിവരവും കൈമാറി. അങ്ങനെയാണ് പൊലിസ് സ്ഥലത്തെത്തിയതും നാജ്്മി ആലത്തെ മോചിപ്പിച്ചതും. 

പരുക്കേറ്റ അതിഥി തൊഴിലാളി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. ബിനുവിനെ ആദ്യമായാണ് കാണുന്നതെന്ന് അതിഥി തൊഴിലാളിയായ നാജ്്മി ആലവും പറയുന്നു. വിശദമായ അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. 

kozhikode other state labour kidnapped case