കൊച്ചി നഗരസഭയിലെ കക്കൂസ് മാലിന്യസംസ്കരണം അട്ടിമറിക്കുന്നെന്ന് ആരോപണം

കൊച്ചി നഗരസഭയിലെ കക്കൂസ് മാലിന്യം സംസ്കരണം, പ്ലാന്‍റ് കരാറുകാരന്‍ കൈക്കൂലി വാങ്ങി അട്ടിമറിക്കുന്നുവെന്ന് ആരോപണവുമായി മാലിന്യ ടാങ്കറുടമ രംഗത്ത്. ലൈസന്‍സില്ലാത്ത ടാങ്കറുകളില്‍ നിന്ന് 500 രൂപ കൈക്കൂലിവാങ്ങി ബ്രഹ്മപുരത്തെ പ്ലാന്‍റ് വഴി ജലാശയങ്ങളിലേക്ക് മാലിന്യം തുറന്നുവിടുന്നുണ്ടെന്ന് ടാങ്കര്‍ ഉടമ രമ്യ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. മാലിന്യ മാഫിയക്ക് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ പൊലീസുകാര്‍ ഒത്താശചെയ്യുന്നുവെന്നും മാഫിയ സംഘം ആക്രമിച്ചുവെന്നും രമ്യ. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.  

കൊച്ചിയിലെ മാലിന്യ മാഫിയക്കെതിരെ മാലിന്യ ടാങ്കര്‍ ഉടമകൂടിയായ കലൂര്‍ കറുകപ്പിള്ളി സ്വദേശിനി രമ്യയുടെ പോരാട്ടം തുടങ്ങിയിട്ട് നാളേറെയായി. മാലിന്യ മാഫിയയും കരാറുകാരനും തമ്മിലുള്ള അവിഹിതകൂട്ടുക്കെട്ട് തെളിവുകള്‍ സഹിതം അധികൃതര്‍ക്ക് മുന്നില്‍ എത്തിച്ചയാളാണ് രമ്യ. നിയമാനുസൃതം സര്‍വീസ് നടത്തുന്ന രമ്യയെ പോലെയുള്ളവരെ മറികടന്നാണ് കൊച്ചി കോര്‍പ്പറേഷന്‍റെ ബ്രഹ്മപുരം പ്ലാന്‍റ് മാലിന്യമാഫിയ കയ്യടക്കിയത്. 

ലൈസന്‍സില്ലാത്ത വണ്ടികളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നത് ചോദ്യം ചെയ്തതോടെ രമ്യയുടെ ടാങ്കര്‍ ലോറിയടക്കം മാലിന്യമാഫിയ അടിച്ചുപൊളിച്ചു. ഈ ഗുണ്ടായിസത്തിന് ഇന്‍ഫോപാര്‍ക്ക് പൊലീസിന്‍റെ ഒത്താശ. മാലിന്യ മാഫിയയെ പഴിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ കരാറുകാരന്‍റെ കൊള്ളരുതായ്മ കണ്ടില്ലെന്ന് നടിക്കുന്നു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ മൗനവും ദുരൂഹമാണ്. 

Enter AMP Embedded Script