കക്കൂസ് മാലിന്യം കുടിവെള്ള സ്രോതസുകളിലേക്ക് തള്ളുന്നു; അതിരുകടന്ന് മാലിന്യ മാഫിയ

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യം അയല്‍ നഗരസഭകളിലെ കുടിവെള്ളസ്രോതസ്സുകളിലേക്കടക്കം തുറന്നുവിട്ട് മാലിന്യമാഫിയ. ലൈസന്‍സില്ലാത്ത ടാങ്കറില്‍ കൊച്ചി നഗരത്തില്‍ നിന്ന് ശേഖരിച്ച കക്കൂസ് മാലിന്യംതുറന്നുവിട്ടത് ആലുവ നഗരസഭയിലും തൃപ്പൂണിത്തുറ നഗരസഭ പരിധിയിലും. വര്‍ഷങ്ങളായി കക്കൂസ്മാലിന്യം തള്ളുന്ന ഇരുമ്പനത്ത് റോഡ് ഇടിഞ്ഞ് താഴ്ന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍. മനോരമ ന്യൂസ് അന്വേഷണം.

കൊച്ചി നഗരത്തില്‍ നിന്ന് ശേഖരിച്ച മാലിന്യവുമായി ടാങ്കര്‍ ആദ്യം എത്തിയത് ആലുവ നഗരസഭ പരിധിയില്‍. ചൂര്‍ണിക്കരയില്‍ മാലിന്യം തള്ളാന്‍ നീക്കം. ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ടാങ്കര്‍ കുതിച്ചു. ആ ടാങ്കര്‍ പിന്നീട് ഓടിയെത്തിയത് ഇരുമ്പനത്ത്. ഇരുട്ടില്‍ മാലിന്യം തുറന്നുവിട്ട സ്ഥലം പകല്‍വെട്ടത്തിലൊന്ന് കാണാം. പത്ത് വര്‍ഷമായി തൃപ്പൂണിത്തുറ നഗരസഭയിലെ ചിത്രപ്പുഴയില്‍ കക്കൂസ്മാലിന്യം ഇടതടവില്ലാതെ തള്ളുന്നുണ്ട്. കക്കൂസ്മാലിന്യത്തിന്റെ കുത്തൊഴുക്കില്‍ റോഡ് ഇടിഞ്ഞ് താഴ്ന്നു. കുടിവെള്ളപൈപ്പ് മുങ്ങി നില്‍ക്കുന്നത് ഇതേ മാലിന്യത്തില്‍.  ഇതിന് തടയിടാന്‍ നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. മാലിന്യമാഫിയയെ പിടികൂടാന്‍ സ്ഥാപിച്ച കാമറ നോക്കുകുത്തിയായി.  

Toilet waste is dumped into drinking water sources in Kochi