തെരുവുനായ്ക്കളെക്കാൾ മുൻഗണന നൽകേണ്ടത് മനുഷ്യനാണ് : ഹൈക്കോടതി

തെരുവുനായ്ക്കളെക്കാൾ മുൻഗണന മനുഷ്യനാണ് നൽകേണ്ടതെന്ന് ഹൈക്കോടതി. തെരുവുനായ്ക്കളെ രക്ഷിക്കാൻ മൃഗസ്നേഹികൾ മുന്നോട്ടു വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ ചട്ടങ്ങൾ അനുസരിച്ച് ലൈസൻസ് നൽകണം. തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വർധിക്കുകയാണെന്ന ബോധം നായ്സ്നേഹികൾക്കും വേണമെന്നും ഹൈക്കോടതി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കണ്ണൂർ സ്വദേശി രാജീവ് കൃഷ്ണൻ വീട്ടുവളപ്പിൽ തെരുവുനായ്ക്കളെ വൃത്തിഹീനമായി പാർപ്പിക്കുന്നു എന്നാരോപിച്ച് അയൽക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. നായ്സ്നേഹികൾ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കൊപ്പം മുന്നോട്ടുവരികയാണു വേണ്ടത്. ഇത്തരത്തിൽ മൃഗസ്നേഹികൾ മുന്നോട്ടു വന്നാൽ തദ്ദേശസ്ഥാപനങ്ങൾ  ചട്ടങ്ങൾ അനുസരിച്ച്  ലൈസൻസ് നൽകണം. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് മാർഗനിർദേശമോ സ്കീമോ തയാറാക്കാൻ  ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ സർക്കാരിന് നിർദേശം നൽകി.

തെരുവുനായ്ക്കളെക്കാൾ മുൻഗണന മനുഷ്യനാണ് നൽകേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് വിദ്യാർഥികൾ ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ ഭയക്കുകയാണ്. നടപടി സ്വീകരിച്ചാൽ അപ്പോൾ നായ്സ്നേഹികൾ പ്രതിഷേധവുമായി എത്തുമെന്നും കോടതി പറഞ്ഞു.  തെരുവ്നായ്ക്കളുടെ ശല്യം ദിനംപ്രതി വർധിക്കുകയാണ്. ഇക്കാര്യത്തിൽ നായ്സ്നേഹികൾക്കും ബോധം വേണം. ‌ലൈസൻസിനായി രാജീവ് കൃഷ്ണൻ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണമെന്നും, കർശന വ്യവസ്ഥകളോടെ നിയമാനുസൃതം കണ്ണൂർ കോർപറേഷൻ ലൈൻസ് നൽകണമെന്നും കോടതി നിർദേശിച്ചു. ലൈസൻസിന് അപേക്ഷ നൽകിയില്ലെങ്കിൽ വീട്ടുവളപ്പിൽനിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ കോർപറേഷൻ നടപടിയെടുക്കണമെന്നും നിർദേശമുണ്ട്. 

Enter AMP Embedded Script