ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം തടയില്ല; ആവശ്യം നിരസിച്ച് ഹൈക്കോടതി

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരത്തിന് സ്റ്റേയില്ല. സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സമരം തുടരുമെന്ന് ഡ്രൈവിങ് സ്കൂള്‍ ഉടമകളും തൊഴിലാളികളും വ്യക്തമാക്കി. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി. ഇളവുകളില്‍ വൈകിട്ട് അഞ്ച് മണിക്കകം തീരുമാനം പറയാമെന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഗതാഗത കമ്മീഷണര്‍ അറിയിച്ചു. 

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറക്കിയ സര്‍ക്കുലറില്‍ ഇടപേടണ്ട അടിയന്തര സാഹചര്യമില്ലെന്ന വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് സ്റ്റേയ്ക്ക് വിസമ്മതിച്ചത്. സര്‍ക്കുലര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ വിശദമായി വാദം കേട്ട് തീരുമാനമെടുക്കും. അതിനിടയില്‍ പരിഷ്കാരങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂള്‍ ഉടമകളും തൊഴിലാളികളും വ്യക്തമാക്കുന്നത്.ഇന്നും സംസ്ഥാനത്തുടനീളം പ്രതിഷേധത്തെ തുടര്‍ന്ന് ടെസ്റ്റുകള്‍ മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയില്‍ കഞ്ഞിവച്ചായിരുന്നു പ്രതിഷേധം

ഇവിടെ സ്ലോട്ട് ബുക്ക് ചെയ്ത 18 പേരും ടെസ്റ്റിന് എത്തിയില്ല. എറണാകുളത്തെ കാക്കനാട്, പൂത്തോട്ട തുടങ്ങിയ ഡ്രൈവിങ് ഗ്രൗണ്ടുകളിലും ടെസ്റ്റുകള്‍ നടന്നില്ല. സ്ലോട്ട് ലഭിച്ചവര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന്,  മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. ഗാഗത കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്ന് നിര്‍ദേശങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവച്ചത്. 1. പ്രതിദിന ടെസറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. 2. പുതിയ ടെസ്റ്റിങ് രീതിക്കായി ഗ്രൗണ്ടുകളില്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. 3. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നത് പിന്‍വലിക്കണം. ഇക്കാര്യങ്ങളില്‍ ഗതാഗത മന്ത്രിയുമായി ആലോചിച്ച് വൈകിട്ട് അഞ്ച് മണിക്കകം തീരുമാനം പറയാമെന്ന് കമ്മീഷണര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.

High court refuses to stay driving test circular