ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിനെതിരായ ഹർജികളിൽ ഹൈക്കോടതിയുടെ  ഇടക്കാല ഉത്തരവ് ഇന്ന്. സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജികൾ.  വാഹന നിയമങ്ങളിലെ വ്യവസ്ഥകളിൽ സർക്കുലർ വഴി മാറ്റം വരുത്താനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.  സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ട് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറിനെതിരായ ഹർജികളിൽ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. ഡ്രൈവിങ് സ്കൂൾ ഉടമകളും, പരിശീലകരുമാണ് ഹർജിക്കാർ. ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിനു വിരുദ്ധമാണെന്നാണ് ഹർജികളിലെ വാദം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ സർക്കുലറിലൂടെ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ പരിഷ്കരിച്ച  ഡ്രൈവിങ് ടെസ്റ്റ്  സർക്കുലർ റദ്ദാക്കണമെന്നാണ് ആവശ്യം. 

അതേസമയം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ നിർദേശങ്ങൾ നടപ്പാക്കുകയാണ് ചെയ്തതെന്നും, പുതിയ സർക്കുലർ നിയമപരമാണെന്നുമാണ് സർക്കാരിന്റെ വാദം. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും, കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതൊന്നും മോട്ടോർ വാഹന ചട്ടത്തിലുള്ളതല്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള സാവകാശം ലഭിച്ചിട്ടില്ലെന്നും ഹർജികളിലുണ്ട്. അതിനാൽ സർക്കുലർ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ഇടക്കാലാവശ്യം. പുതിയ മാറ്റങ്ങള്‍  പ്രാബല്യത്തില്‍ വന്നിതിനെ തുടർന്ന് ഇന്നലെ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Kerala High Court Will Pass Interim Order Today On Petitions Against Driving Test Revision Circular

Enter AMP Embedded Script