വന്ദേഭാരതില്‍ ഉയര്‍ന്ന പുകയ്ക്ക് കാരണം പുകവലിച്ചതല്ല; ജീവനക്കാരന്‍റെ അശ്രദ്ധ

തിരുവനന്തപുരം കാസർകോട് വന്ദേഭാരത് എക്സ്പ്രസിലുയർന്ന പുകക്ക് കാരണം ശുചിമുറിയിലെ പുകവലിച്ചതല്ല. ശുചീകരണത്തിനിടെ ജീവനക്കാരന്റെ അശ്രദ്ധയാണ് കമ്പാർട്ട്മെന്റിൽ പുക ഉയരാൻ കാരണമെന്ന് റെയിൽവേ വ്യക്തമാക്കി. ശുചിമുറിയിലെ അഗ്നിരക്ഷാ സംവിധാനത്തിന്റെ സേഫ്റ്റി ക്യാച്ച് വലിച്ചതാണ് പുക ഉയരാൻ കാരണമായത്.

രാവിലെ എട്ടേമുക്കാലോടെയാണ് തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിന്റെ C5 കമ്പാർട്ട്മെന്റിൽ പുക ഉയർന്നത്. തുടർന്ന് ആലുവയിൽ ട്രെയിൻ അരമണിക്കൂറോളം നിർത്തിയിടുകയും ചെയ്തു. ട്രെയിനിലെ അഗ്നിരക്ഷ സംവിധാനം പ്രവർത്തിച്ചതാണ് പുകയ്ക്ക് കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. ഇതിനിടെ ട്രെയിനിന്റെ ശുചിമുറിയിൽ കയറി യാത്രക്കാരിലൊരാൾ  പുകവലിച്ചതാണെന്ന സംശയവും ഉയർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുകയുടെ കാരണം കണ്ടെത്തിയത്.

ശുചിമുറി വൃത്തിയാക്കി ജീവനക്കാരൻ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കമ്പാർട്ട്മെന്റിൽ പുക ഉയർന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ശുചീകരണത്തിനിടെ അഗ്നിരക്ഷാ സംവിധാനത്തിന്റെ സേഫ്റ്റി ക്യാച്ച് അശ്രദ്ധമായി വലിച്ചതാണ് പുക ഉയരാൻ കാരണം. തീയോ പുകയോ ഉണ്ടായാൽ സ്വയം പ്രവർത്തിക്കുന്ന തരത്തിലാണ് വന്ദേഭാരതതിലെ അഗ്നിരക്ഷാ സംവിധാനം. സ്വയം പ്രവർത്തിക്കാത്ത സമയങ്ങളിൽ സേഫ്റ്റി ക്യാച്ച് വലിച്ചാലും അഗ്നിരക്ഷസംവിധാനം സജീവമാകും. ഇതാണ് കമ്പാർട്ട്മെന്റിൽ പുക ഉയരാൻ കാരണമായത്. പുകയ്ക്ക് കാരണം സാങ്കേതിക തകരാറല്ലെന്ന് നേരത്തെ തന്നെ റെയിൽവേ വ്യക്തമാക്കിയിരുന്നു.

Enter AMP Embedded Script