10 വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് മോദി; 50 കടന്ന് ആകെ സര്‍വീസുകള്‍

Ranchi-Varanasi Vande Bharat train at Ranchi Railway Station and Prime Minister Narendra Modi flags of via video conferencing from Gujarat's Ahmedabad,

85000 കോടിയുടെ റെയില്‍വേ വികസന പദ്ധതികളുടെ ഉദ്ഘാടനവും 10 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് വന്ദേഭാരത് എക്സ്പ്രസുകള്‍ കൂടി ഓടിത്തുടങ്ങുന്നതോടെ രാജ്യത്ത് എമ്പാടുമായി ഓടുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 കടക്കും. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. 

ലക്നൗ– ഡെറാഡൂണ്‍ വന്ദേഭാരത്, പട്ന– ലക്നൗ വന്ദേഭാരത്, ന്യൂ ജല്‍പായ്ഗുരി– പട്ന വന്ദേഭാരത്, പുരി– വിശാഖപട്ടണം വന്ദേഭാരത്, കല്‍ബുര്‍ഗി– ബെംഗളൂരു വന്ദേഭാരത്, റാഞ്ചി– വാരണാസി വന്ദേഭാരത്, ഖജുരാഹോ– ഡല്‍ഹി വന്ദേഭാരത് എന്നീ സര്‍വീസുകളുടെ ഉദ്ഘാടനവും അഹമ്മദാബാദ്-മുംബൈ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു- ചെന്നൈ റൂട്ടുകളിലൂടെ ഓടുന്ന വന്ദേ ഭാരത് സര്‍വീസുകളുടെ രണ്ടാം ഘട്ടവുമാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്ത് 45 റൂട്ടുകളിലായി ഓടുന്ന വന്ദേഭാരതുകളുടെ ആകെ എണ്ണം 51 ആയി. ആറോളം ട്രെയിനുകൾ ഒരേ റൂട്ടിൽ തന്നെയാണ് സർവീസ് നടത്തുന്നത്.

ഇതുകൂടാതെ നിലവില്‍ സർവീസ് നടത്തുന്ന നാല് വന്ദേഭാരത് എക്സ്പ്രസുകളുടെ റൂട്ടും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ്-ജാംനഗർ വന്ദേഭാരത് ഇനിമുതല്‍ ദ്വാരക വരെ സർവീസ് നടത്തും. അജ്മീർ- ഡൽഹി ട്രെയിനിൽ ചണ്ഡീഗഡ് വരെയും ഗോരഖ്പൂർ- ലക്നൗ സർവീസ് പ്രയാഗ്രാജ് വരെയും ദീർഘിപ്പിച്ചു. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസിന്‍റെ റൂട്ട് മംഗളൂരു വരെയും ദീർഘിപ്പിച്ചിട്ടുണ്ട്.

Prime Minister Narendra Modi flagged off 10 Vande Bharat trains across the country.