rahul-sabha

കൊച്ചിയില്‍ കെ.സി.ബി.സി ആസ്ഥാനത്ത് സഭാമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയടക്കം ഏഴുമെത്രാന്‍മാരുമായാണ് ചര്‍ച്ച നടത്തിയത്. ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ ബി.ജെ.പി ഊര്‍ജിതശ്രമം നടത്തുന്നതിനിടെയായിരുന്നു സന്ദര്‍ശനം.

മഹിളാ കോൺഗ്രസ് സംസ്ഥാന കൺവൻഷനിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി പാലാരിവട്ടം പി.ഒ.സിയില്‍വിച്ചാണ് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തിയത്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ എന്നിവർ ഉൾപ്പെടെ 7 ബിഷപ്പുമാരും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പ്രതിനിധീകരിച്ചു സിറോ മലബാർ സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കരയും പങ്കെടുത്തു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല, കേരള ലാറ്റിൻ കാത്തലിക് കോൺഫറൻസ് പ്രസിഡന്റ് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, മാര്‍ത്തോമാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ഡോ.ജോസഫ് മാർ ബർണബാസ്, ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് യൂഹാനോൻ മാർ പോളികാർപസ്, യാക്കോബായ സഭയില്‍നിന്ന് മാത്യൂസ് മാർ അന്തീമോസ്,. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി എന്നിവരാണു പങ്കെടുത്തത്.

രാജ്യത്തു ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രതിസന്ധികളും നിലവിലെ സാമൂഹിക സാഹചര്യങ്ങളുമെല്ലാം ചർച്ച ചെയ്തു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ രാഹുൽ ഗാന്ധി കേട്ടു. ന്യൂനപക്ഷങ്ങളെ എക്കാലവും ചേർത്തു പിടിക്കുന്ന കോൺഗ്രസ് നിലപാട് ആവർത്തിക്കാനും അദ്ദേഹം മറന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.