നാട് വിടാനൊരുങ്ങി കായികതാരങ്ങള്‍; കേരളത്തിന് വേണ്ടെ അഭിമാനതാരങ്ങളെ?

കേരളത്തില്‍ കായികതാരങ്ങളോടുള്ള അവഗണന ഇതാദ്യമല്ലെന്നും അവര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുവെന്നും പറയുന്നത് മുന്‍ താരങ്ങളും ഇന്ത്യന്‍ ചീഫ് അത്്ലറ്റിക് കോച്ചുമാണ്.   ഈ മാസം ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കില്ലെന്ന്  ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും അത്‍ലറ്റിക് അസോസിയേഷനെ അറിയിച്ചു. ബാഡ്മിന്‍റണ്‍ താരം എച്ച്.എസ്. പ്രണോയിയാണ് ആദ്യം കേരളം വിടുമെന്ന് പ്രഖ്യാപിച്ചത്. ഇവരില്‍ അവസാനിക്കില്ല, കൂടുതല്‍ കായികതാരങ്ങള്‍ കേരളം വിടുമെന്ന് ഉറപ്പിച്ച് പറയുന്നു ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് നീന പിന്റോ. ഇനി കേരളത്തില്‍ വയ്യ എന്ന് പറയുന്നത് ഏതെങ്കിലും ചിലരല്ല,  ബാഡ്മിന്റണിലും അത്‍ലറ്റിക്സിലും രാജ്യത്തിനായി മെഡല്‍നേടി അഭിമാനമുയര്‍ത്തിയ താരങ്ങളാണ്. ഏതൊരു കായികതാരത്തിനും സ്വന്തം നാടിനുവേണ്ടി മല്‍സരിക്കുക എന്നത് അഭിമാനമാണ്. അത് വിട്ട് മറ്റൊരു സംസ്ഥാനത്തിന് വേണ്ടി സ്വന്തം നാടിനെതിരെ മല്‍സരിക്കണമെങ്കില്‍ എത്ര വലിയ അവഗണന നേരിട്ട്, ഗതികെട്ടായിരിക്കും. എത്ര വേദനയോടെയായിരിക്കും ആ തീരുമാനത്തില്‍ എത്തിയിരിക്കുക. അപ്പോഴും പതിവ് പല്ലവിയാണ് കായികമന്ത്രിക്ക്. പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാം. അര്‍ഹതപ്പെട്ട, അവകാശപ്പെട്ട, വാഗ്ദാനം ചെയ്ത ജോലിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ പൊരിവെയിലത്ത് തല മൊട്ടയടിച്ച്, മുട്ടിലിഴഞ്ഞ് സമരം ചെയ്യേണ്ടിവന്നവരാണ് നമ്മുടെ അഭിമാന താരങ്ങള്‍. എത്ര ചര്‍ച്ചചെയ്തു. ഇനിയും ചര്‍ച്ചചെയ്താലേ മനസിലാകു എന്നാണെങ്കില്‍  ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് എന്ത് പ്രസക്തി. ഏഷ്യന്‍ ഗെയിംസില്‍ ഉജ്വലനേട്ടം കൈവരിച്ച തങ്ങളുടെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ വാരിക്കോരി നല്‍കുന്ന സമ്മാനങ്ങള്‍ കണ്ടുനില്‍ക്കാനുള്ള യോഗം മാത്രമാണ് മലയാളി മെഡല്‍ ജേതാക്കള്‍ക്ക്... ടോക്കിങ് പോയിന്റില്‍ സംസാരിക്കാം, അഭിമാന താരങ്ങളെ കേരളത്തിന് വേണ്ടേ ?

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ

Enter AMP Embedded Script