വിവാദങ്ങള്‍ക്കു നേരെ മൗനം പാലിച്ച് തിരുവനന്തപുരം എസ്എഫ്ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്

വിവാദങ്ങളെകുറിച്ച് മിണ്ടാതെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച എസ്.എഫ്.ഐയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിലും മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്ത ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കിയതിലും റിപ്പോര്‍ട്ടില്‍ മൗനമാണ്. സംഘടനയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ നടത്തിയ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും ഒഴിവാക്കിയെന്നു മാത്രം പറഞ്ഞ് റിപ്പോര്‍ട്ടില്‍ വിവാദങ്ങള്‍ മൂടിവച്ചു.

കോളജിന് മുന്നില്‍ രാത്രി മദ്യപിച്ച് നൃത്തം ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഗോകുല്‍ ഗോപിനാഥും പ്രസിഡന്‍റ് ജോബിന്‍ ജോസിനും നേരെ ആദ്യം സംഘടനാ നടപടിയുണ്ടായിരുന്നില്ല. ഒടുവില്‍ സി.പി.എം തിരുത്തല്‍ രേഖ അംഗീകരിച്ചതിന് പിന്നാലെ ഡിസംബറിലാണ് ഇരുവരെയും തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. റിപ്പോര്‍ട്ടില്‍ പറയുന്നത് സംഘടനയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തികള്‍ നടത്തിയതിന്‍റെ ഭാഗമായി സമ്മേളന കാലയളവില്‍ ജില്ലാ സെക്രട്ടറി ഗോകുലിനെയും പ്രസിഡന്‍റ് ജോബിനേയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം നസീം, ജില്ലാ കമ്മിറ്റി അംഗം നന്ദു, വിശാഖ് എന്നിവരെയും സംഘടനയില്‍ നിന്ന് ഒഴിവാക്കുകയും സെക്രട്ടറിയായി ആദര്‍ശിനേയും പ്രസിഡന്‍റായി ആദിത്യനെയും തിരഞ്ഞെടുക്കുകയും ചെയ്തു എന്നാണ്. 

അതേസമയം കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജില്‍ എസ്.എഫ്.ഐയുടെ ഏരിയ സെക്രട്ടറി വിശാഖ് ആള്‍മാറാട്ടം നടത്തി കൗണ്‍സിലറാകാന്‍ ശ്രമിച്ച കാര്യവും സംഘടന നടപടിയും റിപ്പോര്‍ട്ടിലില്ല. കാട്ടാക്കട ഉള്‍പ്പടെ ജില്ലയിലെ എസ്.എഫ്.ഐയുടെ 19 ഏരിയ കമ്മറ്റികളുടെയും പ്രവര്‍ത്തനം റിപ്പോര്‍ട്ടില്‍ അവലോകനം ചെയ്തിട്ടുണ്ട്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജിലെ സംഘടനാപ്രവര്‍ത്തനം മുന്‍കാലങ്ങളിലേതുപോലെ ശക്തിപ്പെടുത്താന്‍ കഴിയണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടെ ഉണ്ടാകുന്ന അനാവശ്യ സംഘര്‍ഷങ്ങള്‍ ഏരിയാ കമ്മറ്റി ഗൗരവമായി പരിഹരിച്ച് ക്യാമ്പസിനെ സംഘടനാവല്‍ക്കരിക്കാനാകണം. ഏരിയക്കകത്തുണ്ടാകുന്ന അനാരോഗ്യ പ്രവണതകള്‍ ഒഴിവാക്കി ജാഗ്രതാപൂര്‍വം പ്രവര്‍ത്തിക്കാനാകണം എന്ന് പറഞ്ഞിട്ടുണ്ട്.

Thiruvananthapuram SFI activity report keeping silent on controversies

Enter AMP Embedded Script