പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ നടപടിയില്ല: നിരാഹാരസമരം

ആലപ്പുഴ മെഡി.കോളജാശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചിട്ട് 6 മാസമായിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിൽ യുവതിയുടെ കുടുംബം ആലപ്പുഴ കലക്ടറേറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങുന്നു. കൈനകരി സ്വദേശി അപർണയും കുഞ്ഞുമാണ് മരിച്ചത്. ആരോഗ്യ മന്ത്രിയെ പല തവണ ഫോണില്‍ വിളിച്ചിട്ടും സംസാരിക്കാൻ പോലും തയാറായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. 

2022 ഡിസംബർ ആറിനാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈനകരി സ്വദേശി അപർണ യും കുഞ്ഞും മരിക്കുന്നത്. ചികിൽസാ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആറുമാസത്തിനിടെ നിരവധി തവണ ആരോഗ്യ മന്ത്രിയെ വിളിച്ചിട്ടും മരിച്ച അപർണയുടെ അമ്മയോടോ ഭർത്താവിനോടോ ബന്ധുക്കളോടോ സംസാരിക്കാൻ തയാറായിട്ടില്ല. നീതി ലഭിക്കുമെന്ന വിശ്വാസം നഷ്ടമായതിനാലാണ് നിരാഹാരസമരം തുടങ്ങുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഇന്ന് രാവിലെ മുതൽ ആലപ്പുഴ കലക്ടറേറ്റിനുമുന്നിലാണ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങുന്നത്. കേസ് അന്വേഷണം നീളുന്നത് ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാത്തതു കൊണ്ടാണെന്ന് പൊലീസ് അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. 

Enter AMP Embedded Script