പണമില്ലാതെ വലയുന്ന സർക്കാർ; വെട്ടിലാക്കി പാളയത്തിലെ അതൃപ്തി

പണമില്ലാതെ വലയുന്ന സര്‍ക്കാരിനെ വെട്ടിലാക്കി പാളയത്തിലെ അതൃപ്തിയും. സി.പി.എം എം.എല്‍.എമാര്‍ ഉള്‍പ്പെടെ അടക്കം പറയുന്ന കാര്യമാണ് കെ.ബി.ഗണേഷ് കുമാര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചത്. ഇതേസമയം, ഗണേഷിന്‍റെ വിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്നങ്ങളുമുണ്ടെന്നാണ് സൂചന.

മൂന്നാം തീയതി അവതരിപ്പിക്കേണ്ട ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തയ്യാറാക്കുന്നതിനിടെയാണ് കഴിഞ്ഞ ബജറ്റില്‍ എം.എല്‍.എമാര്‍ക്ക് 20 പ്രവൃത്തിവീതം നല്‍കാമെന്ന് എഴുതിവാങ്ങിയിട്ട് ഒരെണ്ണം പോലും തന്നില്ല എന്ന് ഗണേഷ് കുമാര്‍ വെടിപൊട്ടിച്ചത്.പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനം സ്വന്തം പാളയത്തില്‍ നിന്നുണ്ടായതിന്‍റെ ഞെട്ടലിലാണ് ധനവകുപ്പ്. തുടര്‍ന്നുചേര്‍ന്ന സി.പി.എം എം.എല്‍.എമാരുടെ യോഗത്തില്‍ ഗണേഷ് പറ‍ഞ്ഞത് ശരിയെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.

ഫണ്ടില്ലാതെ നടപ്പിലാക്കാത്തതും പാതിവഴിയില്‍ നില്‍ക്കുന്നതുമായ പല പദ്ധതികളുടെ പേരിലും ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനാവാത്ത സ്ഥിതി ഭരണപക്ഷ എം.എല്‍.എമാര്‍ക്കും പ്രതിസന്ധിയാണ്. കിഫ്ബി പദ്ധതികളുടെ ഫണ്ടും ഇപ്പോള്‍ ഇന്‍സ്പെക്ഷന്‍ നടത്തിയും വിശദീകരണം ചോദിച്ചും വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. അതിനാല്‍ ഗണേഷിന്‍റെ തുറന്നുപറച്ചിലില്‍ അവരില്‍ പലര്‍ക്കും ഉള്ളില്‍ സന്തോഷമുണ്ട്. എന്നാല്‍ ഗണേഷ് കുമാറിന്‍റെ തുറന്നുപറച്ചിലിന് മറ്റുചില അസ്വസ്ഥതകളും കാരണമാണ്. ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രതിമ നിര്‍മിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. 

ഇടതുമുന്നണിയിലെ ധാരണപ്രകാരം വരുന്ന നവംബറില്‍ ആന്‍റണി രാജു ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കൈമാറേണ്ടതാണ്. എന്നാല്‍ ആന്‍റണി രാജു തുടരുമെന്ന  പ്രചാരണം ജനാധിപത്യകേരള കോണ്‍ഗ്രസുകാര്‍ വ്യാപകമായി നടത്തുന്നതില്‍ ഗണേഷ് അസ്വസ്ഥനാണ്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുമില്ല. കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ഗണേഷ് പങ്കെടുത്തിരുന്നില്ല. തലേദിവസം വൈകിട്ടു മാത്രമാണ് ഇടതുമുന്നണി യോഗം വിളിച്ച കാര്യം അറിയിച്ചത്. വികസനരേഖ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നര മാസം മുമ്പ് താന്‍ എഴുതി നല്‍കിയിട്ടും മുന്നണിയോഗത്തിന് തലേന്ന് അക്കാര്യം ചോദിച്ച് ഫോണ്‍ വിളി  വന്നതിലും ഗണേഷിന് അതൃപ്തിയുണ്ട്.

KB Ganesh Kumar criticism against government

Enter AMP Embedded Script