'ജയരാജനെത്തിയത് നന്ദി പറയാന്‍'; ചര്‍ച്ച നടത്തിയെന്ന് ഉമര്‍ ഫൈസി മുക്കം

സി.പി.എം നേതാവ് എം.വി. ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് തുറന്ന് സമ്മതിച്ച്  സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് പറയുന്ന ഉമര്‍ ഫൈസി, മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്  പി.എം.എ. സലാമിനെ മാറ്റണമെന്നും ഇല്ലെങ്കില്‍ സമസ്ത – ലീഗ് ബന്ധം കൂടുതല്‍ ഉലയുമെന്നും മനോരമ ന്യൂസിനോട് പറഞ്ഞു.

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍.ഡി.എഫ് പരസ്യം വന്നതോടെയാണ് സമസ്ത– ലീഗ് ഭിന്നത ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂടുതല്‍ മറനീക്കി പുറത്തുവന്നത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ എം വി ജയരാജന്‍ സമസ്ത മുശാവറ അംഗവും ഇടത് അനുകൂലിയുമായ ഉമര്‍ ഫൈസി മുക്കത്തെ വീട്ടിലെത്തി സന്ദര്‍ശിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍  സങ്കീര്‍ണമായി.രഹസ്യമായി നടത്തിയ കൂടിക്കാഴ്ച പരസ്യമായതോടെയാണ് ഉമര്‍ ഫൈസിയുടെ തുറന്നുപറച്ചില്‍  

ലീഗ് ജനറല്‍ സെക്രട്ടറി പി എം.എ സലാമിനെതിരെയും ഉമര്‍ ഫൈസി കടുത്ത വിമര്‍ശനം ഉന്നയിച്ചു. തന്നെ സഖാവായി ചിത്രീകരിക്കുന്നവര്‍ വിവരമില്ലാത്തവരാണന്നും ഉമര്‍ ഫൈസി പറഞ്ഞു. തല്‍ക്കാലം ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നാണ് ലീഗിന്റ നിലപാട്. വോട്ട് ബാങ്കെന്ന് കരുതപ്പെടുന്ന സമസ്തയിലെ ഒരു വിഭാഗം എറെ നാളായി ഇടത് അനുകൂല സമീപനം സ്വീകരിക്കുന്നത് ലീഗിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

Samasta leader Umar Faizy Mukkam confirms meeting with MV Jayarajan