‌ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട്: എം.എം.വര്‍ഗീസ്

ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ നോട്ടീസ് കിട്ടി. ഇന്നലെ എത്തണമെന്ന അറിയിപ്പ് പ്രകാരമാണ് ബാങ്കില്‍ പോയത്. സിപിഎം അക്കൗണ്ട് മരവിപ്പിക്കാന്‍ കാരണം ബാങ്ക് അധികൃതര്‍ക്ക് പറ്റിയ പിശകാണ്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പാന്‍ നമ്പര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ തെറ്റായി രേഖപ്പെടുത്തി. ഈ പിശകാണ് മൂന്ന് പതിറ്റാണ്ടായി തുടരുന്ന അക്കൗണ്ട് മരവിപ്പിക്കാന്‍ കാരണമെന്നും എം.എം.വര്‍ഗീസ് പറഞ്ഞു.

ഒരു കോടി രൂപയുമായി ബാങ്കില്‍ പോയത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയ പ്രകാരമെന്ന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. അക്കൗണ്ട് മരവിപ്പിക്കാന്‍ കാരണം, ബാങ്ക് ഉദ്യോഗസ്ഥര്‍ പാന്‍ കാര്‍ഡ് രേഖപ്പെടുത്തിയതിലെ കൈപ്പിഴമൂലമെന്ന് സി.പി.എം വ്യക്തമാക്കി. ആദായനികുതി വകുപ്പ് പണം പിടിച്ചെടുത്തത് രാഷ്ട്രീയപ്രേരിതമെന്നും സി.പി.എം കുറ്റപ്പെടുത്തി.

ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂര്‍ ശാഖയില്‍ ഒരു കോടി രൂപയുമായി സി.പി.എം നേതാക്കള്‍ വന്നത് ആദായനികുതി വകുപ്പിന്റെ നോട്ടിസ് പ്രകാരമായിരുന്നു. ഏപ്രില്‍ രണ്ടിന് ഇതേശാഖയില്‍ നിന്ന് പിന്‍വലിച്ച തുക പെട്ടെന്ന് തിരിച്ചടയ്ക്കണമെന്ന് നോട്ടിസ് കിട്ടിയിരുന്നു. ഇതുപ്രകാരം, ബാങ്കില്‍ എത്തി. പിന്നാലെ, ഈ തുക പിടിച്ചെടുത്തു. മുപ്പതു വര്‍ഷമായി സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടാണിത്. പാന്‍ നമ്പര്‍ കൃത്യമായി നല്‍കിയിരുന്നു. പക്ഷേ, ഇതിലെ ഒരു ഡിജിറ്റ് മാറിപ്പോയി. അത് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു പറ്റിയ പിഴവാണെന്ന് ബാങ്ക്തന്നെ രേഖാമൂലം സമ്മതിച്ചിട്ടുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും എല്‍.ഡി.എഫിന്റെ ജില്ലാ കണ്‍വീനര്‍ കെ.വി.അബ്ദുല്‍ഖാദറും പറഞ്ഞു.

തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് ഒരു കോടി രൂപ ഏപ്രില്‍ രണ്ടിനു പിന്‍വലിച്ചത്. ഏപ്രില്‍ അഞ്ചിന് ആദായ നികുതി പരിശോധിച്ച് അക്കൗണ്ട് മരവിപ്പിച്ചു. മുപ്പതുവര്‍ഷമായുള്ള അക്കൗണ്ടില്‍ പാന്‍ നമ്പര്‍ മാറിക്കിടക്കുന്നത് പാര്‍ട്ടിക്കു മനസിലായതും ഈ പരിശോധനയ്ക്കു ശേഷമാണ്. ഇതു ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കൈപ്പിഴ സമ്മതിച്ചത്. അക്കൗണ്ട് മരവിപ്പിച്ചതും പണം പിടിച്ചെടുത്തതുമെല്ലാം രാഷ്ട്രീയ പ്രേരിതമായതിനാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം. വ്യക്തമാക്കി.

MM Varghese says, Income tax officials asked to taken the money to the bank.