ധോണിയില്‍ വീണ്ടും കാട്ടാന ഇറങ്ങി; വൻ കൃഷിനാശം

പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാന ഏക്കര്‍ക്കണക്കിന് കൃഷി നശിപ്പിച്ചു. ആനയെക്കണ്ട് തിരിഞ്ഞോടുന്നതിനിടെ ടാപ്പിങ് തൊഴിലാളിക്ക് വീണ് പരുക്കേറ്റു. നാല് മാസം മുന്‍പ് രാവിലെ നടക്കാനിറങ്ങിയ കര്‍ഷകന്‍ ശിവരാമനെ കൊലപ്പെടുത്തിയ ആനയാണ് പ്രദേശത്ത് പതിവായി ഭീതിപടര്‍ത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. 

രാവിലെ ആറ് മണിയോടെയാണ് മേലെ ധോണി പ്രദേശത്ത് പിടി സെവന്റെ സാന്നിധ്യമുണ്ടായത്. ആനയെക്കണ്ട് ടാപ്പിങ് ജോലിയിലേര്‍പ്പെട്ടിരുന്ന ജോസഫ് ഓടി മാറി. രക്ഷപ്പെടുന്നതിനിടെ ജോസഫിന് വീണ് പരുക്കേറ്റു. സമീപത്തെ ഏക്കര്‍ക്കണക്കിന് കൃഷിയിടവും കാട്ടാന നിലംപരിശാക്കി. നെല്ല്, വാഴ, കവുങ്ങ് ഉള്‍പ്പെടെ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരുന്നവരുടെ സകല സമ്പാദ്യവും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. രാവിലെ നടക്കാനിറങ്ങിയ ധോണി സ്വദേശി ശിവരാമനെ ജൂലൈ എട്ടിനാണ് പിടി സെവനെന്ന് വിളിപ്പേരുള്ള കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയത്. ആനയെ കാട് കയറ്റുന്നതിനുള്ള ശ്രമം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

സോളര്‍ വേലിയുള്‍പ്പെടെ സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കണമെന്ന് മാത്രമാണ് വനംവകുപ്പ് നിര്‍ദേശം. ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന ആനയെ വേഗത്തില്‍ കാട് കയറ്റാറുണ്ടെന്നും വനംവകുപ്പ് ആവര്‍ത്തിക്കുന്നു.